ഗതാഗത നിയമലംഘന പിഴ: ഏകീകൃത ഭേദഗതി ആവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തയയ്ക്കും
Tuesday, September 17, 2019 12:40 AM IST
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിലെ പിഴനിശ്ചയിക്കൽ അധികാരം സംസ്ഥാനങ്ങൾക്കു നൽകുന്ന ഏകീകൃത ഭേദഗതി ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയയ്ക്കും. കേന്ദ്രത്തിന്റെ വിജ്ഞാപനം വരുംവരെ ബോധവത്കരണവുമായി കാത്തിരിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ഉയർന്ന പിഴ തത്കാലം ഈടാക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ഓണക്കാലത്ത് മോട്ടോർ വാഹന വകുപ്പും പോലീസും നടപടി സ്വീകരിക്കരുതെന്നു മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഓണക്കാലം കഴിഞ്ഞതിനാൽ ഇനിയും ആ രീതി തുടരണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം തേടാനും ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായി.
കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനത്തു നിയമനിർമാണം സാധ്യമാകില്ലെന്നും കേന്ദ്രമാണു നിരക്കുകൾ പുതുക്കേണ്ടതെന്നും ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ യോഗത്തിൽ വ്യക്തമാക്കി. ഇതേത്തുടർന്നാണു കേന്ദ്രത്തിനു കത്തയയ്ക്കാനും വിഷയം എംപിമാരുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ വന്ന കനത്ത പിഴത്തുകയിൽ ഇളവുകൾ നൽകിയ ആന്ധ്ര, തമിഴ്നാട്, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗതാഗത സെക്രട്ടറിമാരുമായി സംസാരിച്ചു റിപ്പോർട്ട് നൽകാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കുത്തനെ ഉയർത്തിയ പിഴത്തുക കുറയ്ക്കണമെങ്കിൽ കേന്ദ്രസർക്കാർ തന്നെ ഓർഡിനൻസ് പുറപ്പെടുവിക്കണം. കുറഞ്ഞ പിഴത്തുകയും കൂടിയ തുകയും കേന്ദസർക്കാർ വിജ്ഞാപനം ചെയ്തതിനാൽ ഇതിന്റെ പരിധിയിൽനിന്നേ സംസ്ഥാനത്തിനു പിഴത്തുക തീരുമാനിക്കാനാകൂ. പിഴയുടെ പരിധിയിലെ ഇളവുകൾ പ്രയോജനപ്പെടുത്താൻ ചില സംസ്ഥാനങ്ങൾ തീരുമാനിച്ചിരുന്നു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യോഗത്തിൽ സംസ്ഥാനത്തിന്റെ നിലപാടുകൾ വ്യക്തമാക്കും.
നിയമം ലംഘിക്കുന്നവരെ പുതിയ നിരക്കനുസരിച്ചു മാത്രമേ ശിക്ഷിക്കാൻ കഴിയൂ എന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളും ശിക്ഷാ നടപടികളിലേക്കു കടന്നിട്ടില്ല. ബോധവത്കരണ നടപടികളാണ് അവിടെയെല്ലാം നടക്കുന്നത്. കേന്ദ്ര മോട്ടർ വാഹന നിയമ ഭേദഗതിക്കനുസരിച്ചുള്ള നോട്ടിഫിക്കേഷൻ മറ്റു സംസ്ഥാനങ്ങളും ഇറക്കിയിട്ടില്ല.
അപകടങ്ങൾ പരമാവധി കുറയ്ക്കാനാണു നിയമങ്ങൾ കൊണ്ടുവരുന്നത്. അതിന് അയവുവരുന്ന അന്തരീക്ഷം ഉണ്ടാകുന്നതു ശരിയല്ലെന്നും എത്രയും പെട്ടെന്നു കേന്ദ്രം തീരുമാനം എടുക്കണമെന്നും മന്ത്രി ഉന്നതതല യോഗത്തിനുശേഷം പറഞ്ഞു. കാലോചിതമായി പിഴത്തുക കൂട്ടുന്നതിന് ആരും എതിരല്ല. വ്യക്തമായ മാനദണ്ഡമില്ലാതെ യുക്തിരഹിതമായി കേന്ദ്രം പിഴത്തുക കൂട്ടിയെന്നാണു വിമർശനം. അതു മനസിലാക്കി കേന്ദ്രം നിയമത്തിൽ ഭേദഗതി കൊണ്ടുവരണം. കേന്ദ്ര നിർദേശത്തിനുശേഷം സംസ്ഥാനം ഉത്തരവു പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.