നിയമത്തിൽ ഭേദഗതി വരുത്തി ഫ്ളാറ്റ് നിലനിർത്തണം: ചെന്നിത്തല
Wednesday, September 18, 2019 12:21 AM IST
തിരുവനന്തപുരം: തീരദേശപരിപാലന നിയമത്തിൽ വന്ന ഭേദഗതികൾക്കു മുൻകാല പ്രാബല്യം നൽകി ഫ്ളാറ്റുകൾ നിലനിർത്താൻ കഴിയുമോയെന്നു പരിശോധിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനധികൃത നിർമാണം നടത്തിയവരിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്. ഇതിന് അനുമതി നൽകിയവർക്കെതിരേയും നടപടിയെടുക്കണമെന്ന് മരടു ഫ്ളാറ്റുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
താമസക്കാരോടു സഹാനുഭൂതി കാണിക്കുന്പോൾ നിർമാതാക്കളോട് ഒരുവിധ ദാക്ഷിണ്യവും പാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 400 കുടുംബങ്ങളെ കുടിയിറക്കുകയെന്നതു പ്രായോഗികമല്ല. കെട്ടിട നിർമാതാക്കൾ ഇപ്പോൾ ചിത്രത്തിലില്ല. അവർക്കെതിരേ സുപ്രീംകോടതി ഒന്നും പറഞ്ഞിട്ടില്ല. തെറ്റു ചെയ്ത ഉദ്യോഗസ്ഥരും രക്ഷപ്പെട്ടു നിൽക്കുന്നു.
നിർമാണത്തിന്റെ എല്ലാ ഘട്ടത്തിലും ഹൈക്കോടതി ഫ്ളാറ്റുടമകൾക്ക് അനുകൂലമായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് ഫ്ളാറ്റിനു നന്പർ നൽകിയതും വൈദ്യുതി-വെള്ളം കണക്ഷൻ നൽകിയതും. നിയമലംഘനങ്ങൾക്കു ഭാവിയിൽ അംഗീകാരം കിട്ടും എന്ന ധാരണയിലാണ് ഇത്തരം നിർമാണങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.