വനിതാ ജീവനക്കാരുടെ പരാതി: സെയിൽ ടാക്സ് ഓഫീസർക്കു സസ്പെൻഷൻ
Friday, September 20, 2019 12:31 AM IST
തൊടുപുഴ : ഒരു വർഷം മുന്പു വനിതാ ജീവനക്കാർ നൽകിയ പരാതിയിൽ സെയിൽ ടാക്സ് ഓഫീസർക്കു സസ്പെൻഷൻ. സെയിൽസ് ടാക്സ് (ജിഎസ്ടി) തൊടുപുഴ സെക്കൻഡ് സർക്കിൾ ഓഫിസിലെ ഓഫിസർ ജോസഫ് ആന്റണിയെ ആണ് സെയിൽ ടാക്സ് (എസ്ജിഎസ്ടി) കമ്മിഷണർ സസ്പെൻഡ് ചെയ്തത്. ഓഫിസിലെ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുകയാണെന്നു കാട്ടിയാണ് ഓഫീസിലെ ഏതാനും വനിതാ ജീവനക്കാർ കഴിഞ്ഞ വർഷം കമ്മീഷണർക്കു പരാതി നൽകിയത്.
അതേസമയം, ഓഫീസിന്റെ പ്രവർത്തനങ്ങൾ കെഎസ്ആർ ചട്ട പ്രകാരം വേണമെന്നു കർശനമായ നിലപാട് എടുത്തതാണു പരാതിക്കു കാരണമെന്നു പറയുന്നു. കൂടാതെ ജീവനക്കാരിൽ ചിലർ ജോലി സമയത്തു ഭരണാനുകൂല സർവീസ് സംഘടനാ പ്രവർത്തനം നടത്തുന്നതു ചോദ്യം ചെയ്തതും പരാതിക്കു കാരണമായതായി പറയപ്പെടുന്നു. സസ്പെൻഷൻ നടപടിക്കു മുന്പു പരാതി സംബന്ധിച്ചു തെളിവെടുപ്പ് നടത്തുകയോ ആരോപണവിധേയനായ സെയിൽ ടാക്സ് ഓഫിസറുടെ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ലെന്നും മറ്റ് ജീവനക്കാർ പറഞ്ഞു.