സർക്കാർ പ്രതിനിധി സംഘത്തെ അയയ്ക്കാത്തത് അനാദരവെന്നു ചെന്നിത്തല
Monday, October 14, 2019 11:50 PM IST
തിരുവനന്തപുരം: മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ച വത്തിക്കാനിലെ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ കേരള സർക്കാർ പ്രതിനിധി സംഘത്തെ അയയ്ക്കാതിരുന്നത് ക്രൈസ്തവ വിശ്വാസികളോടും കേരളീയ സമൂഹത്തോടും കാണിച്ച തികഞ്ഞ അനാദരവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് പ്രതിഷേധാർഹമായ നടപടിയാണ്.
ഇതിന് മുമ്പ് വിശുദ്ധ അൽഫോൻസാമ്മ, ചാവറ കുര്യക്കോസ് ഏലിയാസച്ചൻ, ഏവുപ്രാസ്യമ്മാ, മദർ തെരേസ തുടങ്ങിയവരെ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തിയ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ അന്നത്തെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ട്. എന്നാൽ ഇവിടെ സർക്കാർ മുഖം തിരിഞ്ഞ് നിന്നത് വിശ്വാസി സമൂഹത്തെ വളരെയേറെ വേദനിപ്പിച്ചതായും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.