കട്ടപ്പനയിലും പരിശോധന നടത്തി
Tuesday, October 15, 2019 1:52 AM IST
കട്ടപ്പന: കുടത്തായി കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിലെ ജോളിയുടെ കുടുംബവീട്ടിലും കട്ടപ്പനയിലെ ജ്യോത്സ്യന്റെ സ്ഥാപനത്തിലും പരിശോധന നടത്തി. ഇവിടങ്ങളിൽനിന്ന് അന്വേഷണ സംഘത്തിനു ചില വിവരങ്ങൾ ലഭിച്ചതായാണു സൂചന.
ജോളിയുടെ മാതാപിതാക്കൾ ഇപ്പോൾ താമസിക്കുന്ന കട്ടപ്പനയിലെ വീട്, ജോളി പഠിച്ചിരുന്ന നെടുങ്കണ്ടത്തെ കോളജ്, വാഴവരയിലെ തറവാട് വീട് എന്നിവിടങ്ങളിലെത്തി പരിശോധന നടത്തി. സംഘാംഗങ്ങൾ രണ്ടു വിഭാഗമായി തിരിഞ്ഞായിരുന്നു പരിശോധന.
ഒരു വിഭാഗം കട്ടപ്പനയിലെ കുടുംബവീട്ടിലും ജ്യോത്സ്യന്റെ വീട്ടിലും പരിശോധന നടത്തി മൊഴിയെടുത്തപ്പോൾ മറ്റൊരു വിഭാഗം വാഴവരയിലെ തറവാട് വീട്ടിലും നെടുങ്കണ്ടം എംഇഎസ് കോളജിലുമെത്തി മൊഴിയെടുത്തു.
കട്ടപ്പനയിലെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യേഗസ്ഥർക്ക് ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും വിശദമായ മൊഴി നൽകി. ഇന്നലെ രാവിലെ എട്ടരയോടെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ വിനിഷ് കുമാർ, മോഹനകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയത്.
ജോളിയുടെ മാതാപിതാക്കളിൽനിന്നാണ് ആദ്യം മൊഴിയെടുത്തത്. തുടർന്ന് മൂന്നു സഹോദരങ്ങളുടെയും മൊഴി രേഖപ്പെടുത്തി. കൊല്ലപ്പെട്ട റോയിയുടെ ശരീരത്തിൽ കണ്ട ഏലസ് നൽകിയത് ആരാണെന്നു കണ്ടെത്താനായി കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാറിനെ അന്വേഷണ സംഘം ചോദ്യംചെയ്തു. റോയിയും ജോളിയും തന്നെ വന്നു കണ്ടതായി ഓർമയില്ലെന്നും തകിട് താൻ കൊടുത്തതാണോ എന്നു തകിട് കണ്ടാൽ അറിയാമെന്നും കൃഷ്ണകുമാർ അന്വേഷണ സംഘത്തോടു പറഞ്ഞു.