പോലീസ് ഉന്നതർ വഴിതെറ്റിച്ചു, തപാൽ വോട്ടിനായി പോലീസുകാർ നെട്ടോട്ടമോടി
Thursday, October 17, 2019 12:57 AM IST
തിരുവനന്തപുരം: പോലീസ് ഉന്നതർ വഴി തെറ്റിച്ചതിനെ തുടർന്നു തപാൽ വോട്ടിനായി വട്ടിയൂർക്കാവ് മണ്ഡലത്തിലെ പോലീസുകാർ നെട്ടോട്ടമോടി. വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോലീസുകാരുടെ തപാൽ വോട്ടിനുള്ള അവസാന ദിവസം ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു.
പോലീസുകാർ തപാൽ വോട്ടുകൾ പട്ടത്തെ ജില്ലാ ക്രൈംറിക്കാർഡ്സ് ബ്യൂറോയിൽ (ഡിസിആർബി) ഇന്നലെ വൈകുന്നേരം അഞ്ചിനകം എത്തിക്കണമെന്നായിരുന്നു നിർദേശം. വോട്ടെടുപ്പു ദിവസം പോലീസുകാർക്കു ഡ്യൂട്ടിയുണ്ടെന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറിൽനിന്നു വാങ്ങി വേണം തപാൽ വോട്ടിനുള്ള ക്രമീകരണം ഒരുക്കേണ്ടിയിരുന്നത്. എന്നാൽ, പോലീസുകാർ പട്ടത്ത് എത്തിയപ്പോഴാണ് അവിടെയല്ല, പബ്ലിക് ഓഫീസിലെ മണ്ഡലത്തിന്റെ ചുമതലയുള്ള വരണാധികാരിക്കാണ് തപാൽ വോട്ട് രേഖകൾ കൈമാറേണ്ടതെന്നു വ്യക്തമായത്. ഡ്യൂട്ടിക്കിടയിൽ എത്തിയവരാണ് പ്രധാനമായും വലഞ്ഞത്.