ഇൻഫാം റാലിയും സമ്മേളനവും മാറ്റിവച്ചു
Friday, October 18, 2019 12:57 AM IST
കട്ടപ്പന: 1964ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് ഓഗസ്റ്റ് 22ന് സർക്കാർ ഇറക്കിയ ഉത്തരവിൽ കൂടുതൽ വ്യക്തത വരുത്തി മാറ്റങ്ങൾ സൂചിപ്പിച്ചുകൊണ്ട് പുതിയ ഉത്തരവ് സർക്കാർ ഇറക്കിയ പശ്ചാത്തലത്തിൽ കൂടുതൽ പഠനത്തിനും വിദഗ്ധ സമിതികളുമായുള്ള കൂടിയാലോചനകളും വേണ്ടിവരുമെന്നതിനാൽ നാളെ കട്ടപ്പനയിൽ നടത്താനിരുന്ന ഇൻഫാം കർഷക റാലിയും പ്രതിഷേധ സമ്മേളനവും താത്ക്കാലികമായി മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഹൈറേഞ്ചിലെ ജനജീവിതത്തിന് നിലവിലുള്ള ഉത്തരവുകൾ വെല്ലുവിളി ഉയരുമെന്ന് ബോധ്യപ്പെടുകയും അധികാര കേന്ദ്രങ്ങളിൽ നിന്ന് ദ്രോഹ നടപടികൾ ഉണ്ടാകുകയും ചെയ്താൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഇൻഫാം നേതൃത്വം കൊടുക്കും.
കോടതി വിധികൾക്കും ഉത്തരവുകൾക്കും ഇടനൽകാതെ ഭൂനിയമങ്ങളിൽ കാലോചിതമായ ഭേദഗതികൾ വരുത്തി ജനങ്ങളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം സർക്കാർ നിറവേറ്റണമെന്നാണ് ഇൻഫാമിന്റെ നിലപാട്. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയാൽ ബഹുജന കർഷക പ്രക്ഷോഭം ആരംഭിക്കുമെന്നും സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പള്ളിൽ, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ, കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോയിന്റ് ഡയറക്ടർ ഫാ. ജിൻസ് കിഴക്കേൽ, സമര സമിതിക്കുവേണ്ടി കൺവീനർ ജോസ് പതിക്കൽ എന്നിവർ അറിയിച്ചു.