ജയിലിൽ കഞ്ചാവ് പിടിച്ച സംഭവം: ഏഴു പേർക്കെതിരേ കേസെടുത്തു
Friday, October 18, 2019 11:32 PM IST
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിൽ കഞ്ചാവു പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേർക്കെതിരെ പൂജപ്പുര പോലീസ് കേസെടുത്തു.
യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലേയും പിഎസ്സി തട്ടിപ്പ് കേസിലേയും പ്രതി നസീം, രാധാകൃഷ്ണൻ, സജികുമാർ, വിനു, ബിനോയ്, സുരേഷ്, അനസ് എന്നിവർക്കെതിരേയാണ് ജയിൽ നിയമങ്ങൾ ലംഘിച്ചതിനും കഞ്ചാവ് സൂക്ഷിച്ചതിനും കേസെടുത്തത്.
സുഹൃത്തുക്കളാണു തനിക്കു കഞ്ചാവ് എത്തിച്ചു നൽകിയതെന്നു നസീം ജയിൽ ഉദ്യോഗസ്ഥർക്കു മൊഴി നൽകി. കഞ്ചാവ് എങ്ങനെ ജയിലിനുള്ളിൽ എത്തിച്ചുവെന്നു കണ്ടെത്തുന്നതിനായി നസീമിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കേസന്വേഷണത്തിന്റെ ഭാഗമായി നസീം ഉൾപ്പെടെയുള്ളവരെ പൂജപ്പുര പോലീസും ചോദ്യം ചെയ്യും.
ജയിലിൽ ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം വ്യാപകമാവുന്നുണ്ടെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് മിന്നൽ പരിശോധനയ്ക്ക് നിർദേശം നൽകിയത്.
ആശുപത്രി സെൽ അടക്കമുള്ള 16 സെല്ലുകളിലായിരുന്നു റെയ്ഡ് നടത്തിയത്. കഞ്ചാവിന് പുറമേ ബിഡിയും പാൻപരാഗ് അടക്കമുള്ള ലഹരി ഉത്പന്നങ്ങളും കണ്ടെത്തിയിരുന്നു.
കഞ്ചാവ് കണ്ടെത്തിയവരുടെ വിവരങ്ങൾ ജയിൽ അധികൃതർ പൂജപ്പുര പോലീസിന് കൈമാറിയതിനെ തുടർന്നാണ് കേസെടുത്തത്.