ടിക്കാറാം മീണ മാപ്പുപറയണം: എൻഎസ്എസിന്റെ വക്കീൽ നോട്ടീസ്
Monday, October 21, 2019 11:23 PM IST
ചങ്ങനാശേരി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയ്ക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരുടെ വക്കീൽ നോട്ടീസ്. കേരളത്തിൽ എൻഎസ്എസ് വർഗീയ പ്രവർത്തനം നടത്തുന്നു എന്ന ധാരണ പരത്തും വിധം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ പരാമർശം പിൻവലിച്ച് നിരുപാധികം കേരളസമൂഹത്തിന് മുന്നിൽ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ.ആർ.ടി. പ്രദീപ് മുഖേന ടിക്കാറാം മീണയ്ക്ക് വക്കീൽനോട്ടീസ് അയച്ചിരിക്കുന്നത്. ഇതിനു തയാറാകാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.
ജാതീയതയുടെ പേരിൽ എൻഎസ്എസ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നതായുള്ള പ്രസ്താവനയാണ് ടിക്കാറാം മീണയുടെ ഭാഗത്തുനിന്നുണ്ടായത്. സമദൂരത്തിൽനിന്നു ശരിദൂരം സ്വീകരിച്ചത് തെറ്റാണെന്നും മീണ പറഞ്ഞിരുന്നു. എന്തു സമീപനം സ്വീകരിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എൻഎസ്എസിനുണ്ട്. എൻഎസ്എസിന്റെ ചരിത്രമെന്നു പറയുന്നത് നമ്മുടെ സമൂഹത്തിൽ ജാതീയമായ ഉച്ചനീചത്വം ഇല്ലാതാക്കുക എന്നതാണ്. ജാതിരഹിത സമൂഹത്തിനായുള്ള ശ്രമമാണ് എല്ലാക്കാലത്തും എൻഎസ്എസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
കേരളം സാമൂഹികരംഗത്തു കൈവരിച്ചിട്ടുള്ള എല്ലാ പുരോഗതിക്കും എൻഎസ്എസിനു പങ്കുണ്ട്. ആ ചരിത്രം മനസിലാക്കാതെയാണ് തികച്ചും നിരുത്തരവാദപരമായി വർഗീയതയുടെ നിറച്ചാർത്ത് എൻഎസ്എസിന് തെരഞ്ഞെടുപ്പ് ഓഫീസർ കൽപ്പിച്ചു നൽകിയത്. വിശ്വാസസംരക്ഷണം, ക്ഷേത്രാരാധന എന്നീ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പല നടപടികളിലും എൻഎസ്എസിന് പ്രതിഷേധമുണ്ട്. സംസ്ഥാന സർക്കാരിനെതിരായുള്ള പതിഷേധ കാരണങ്ങൾ അക്കമിട്ട് ജനറൽ സെക്രട്ടറി നേരത്തേതന്നെ സൂചിപ്പിച്ചിട്ടുള്ളതായും നോട്ടീസിൽ പറയുന്നു.