ആംബുലൻസിൽ കടത്താൻ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി
Tuesday, October 22, 2019 11:56 PM IST
മറയൂർ: ആംബുലൻസിൽ രോഗിയുമായി പോകുന്നു എന്ന വ്യാജേന കടത്താൻ ശ്രമിച്ച 500 കിലോഗ്രാം കഞ്ചാവ് പിടികൂടി.
കേരളത്തിലേക്കു കാർഡ് ബോർഡ് പെട്ടികളിലാക്കി കടത്താൻ ശ്രമിച്ച 500 കിലോ കഞ്ചാവാണ് സംസ്ഥാന അതിർത്തിയിൽ ഉദുമലപേട്ടയ്ക്കു സമീപം ശങ്കലിനാടാൻ റോഡിൽവച്ച് രഹസ്യവിവരത്തെത്തുടർന്ന് കോയന്പത്തൂർ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പിയും സംഘവും പിടികൂടിയത്.
ആംബുലൻസിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉദുമലപേട്ട സ്വദേശി കറുപ്പുസ്വാമി (22) യെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിൽ കൂടുതൽ പങ്കാളികൾ ഉൾപ്പെട്ടതിനാൽ പിടികൂടിയ ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
ആന്ധ്രയിൽനിന്നു ടെന്പോ ട്രാവലറിൽ കഞ്ചാവ് കേരളത്തിലേക്കു കൊണ്ടുവരുന്നതായാണ് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്പോൾ പരിശോധന സംബന്ധിച്ചു സൂചന ലഭിച്ച കഞ്ചാവ് മാഫിയ നിശ്ചയിച്ചിരുന്ന വഴി ഉപേക്ഷിക്കുകയായിരുന്നു.
തുടർന്നു കഞ്ചാവ് ആംബുലൻസിലേക്കു മാറ്റി കയറ്റി ചിന്നാർ, മറയൂർ വഴി കേരളത്തിലേക്കു വരുന്പോഴാണ് ശബരി- പഴനി തീർഥാടനപാതയിൽ വച്ചു മറയൂർ മേലാടി സ്വദേശിയും കോയന്പത്തൂർ നാർക്കോട്ടിക്ക് ഇന്റലിജൻസ് ബ്യൂറോ ഡിവൈഎസ്പി ആർ. വിൻസന്റ്, സർക്കിൾ ഇൻസ്പെക്ടർ ശരവണൻ, സബ് ഇൻസ്പെക്ടർമാരായ രവിചന്ദ്രൻ, ശരവണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.