എംജി യൂണിവേഴ്സിറ്റി ചോദ്യപേപ്പർ ഇ മെയിലിൽ കൈമാറി
Wednesday, October 23, 2019 11:36 PM IST
കോട്ടയം: മാർക്ക് ദാനത്തിനു പിന്നാലെ എംജി യൂണിവേഴ്സിറ്റി ചോദ്യപേപ്പർ ഇമെയിലിൽ കൈമാറിയതും വിവാദമാകുന്നു. ഇന്നലെ നടത്തിയ ബിഎ, ബിഎസ്സി, ബികോം മൂന്നാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറാണു ഇ മെയിലിൽ കോളജുകളിലേക്കു അയച്ചുനൽകിയത്. ബിരുദ പരീക്ഷയ്ക്കു കോളജുകളിലേക്ക് ഓണ്‍ലൈനായി ചോദ്യക്കടലാസ് നൽകുന്ന സംവിധാനം എംജി യൂണിവേഴ്സിറ്റി രണ്ടു വർഷം മുന്‍പു നടപ്പാക്കിയിരുന്നു.
ഇതനുസരിച്ചു പരീക്ഷ ആരംഭിക്കുന്നതിനു രണ്ടു മണിക്കൂർ മുന്‍പു സെക്വർ ക്വസ്റ്റ്യൻ പേപ്പർ ട്രാൻസ്മിഷൻ സിസ്റ്റത്തിലൂടെ ചോദ്യപേപ്പറുകൾ ലഭ്യമാക്കുകയാണു ചെയ്തിരുന്നത്. ഇതിൽനിന്നു ചോദ്യക്കടലാസുകൾ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്തു പരീക്ഷാർഥികൾക്കു നൽകുകയാണ്. ചോദ്യപേപ്പറുകൾ കോളജുകൾക്കു നൽകുന്നതിനു പ്രത്യേക വെബ്സൈറ്റും പ്രിൻസിപ്പൽമാർക്ക് ലോഗിൻ ഐഡിയും പാസ്വേഡും നൽകിയിരുന്നു.
സെക്വർ ക്വസ്റ്റ്യൻപേപ്പർ ട്രാൻസ്മിഷൻ സിസ്റ്റത്തിനു തകരാർ സംഭവിച്ചതോടെ ഇന്നലെ ചോദ്യപേപ്പറുകൾ ഇ മെയിലിൽ കോളജുകളിലേക്കു അയച്ചുനൽകി. രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യേണ്ട ചോദ്യപേപ്പറുകൾ മെയിലിൽ അയച്ചതിനെതിരെ അധ്യാപകർതന്നെ പ്രതിഷേധം അറിയിച്ചു.
ജോമി കുര്യാക്കോസ്