ഷെയിൻ നിഗമും ജോബി ജോർജും തമ്മിലുള്ള തർക്കം പരിഹരിച്ചു
Wednesday, October 23, 2019 11:47 PM IST
കൊച്ചി: നടൻ ഷെയിൻ നിഗമും നിർമാതാവ് ജോബി ജോർജും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ചു. നിർമാതാക്കളുടെയും താരങ്ങളുടെയും സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസിൽ നടന്ന ചർച്ചയിലാണു തർക്കം തീർന്നത്.
തർക്കം പരിഹരിച്ചതോടെ ജോബി ജോർജ് നിർമിക്കുന്ന ‘വെയിൽ’ സിനിയുടെ ചിത്രീകരണം അടുത്തമാസം പുനരാരംഭിക്കുമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ രഞ്ജിത്, ആന്റോ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഷെയിൻ നിഗം, ജോബി ജോർജ്, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
‘വെയിൽ’ സിനിമയുമായി ബന്ധപ്പെട്ടു ഷെയിൻ നിഗമിനു ജോബി 20 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നു രഞ്ജിത്തും ആന്റോ ജോസഫും പറഞ്ഞു. ഇതിനുപുറമെ നാലു ലക്ഷം രൂപ അടുത്തതായി ചെയ്യാൻ പോകുന്ന സിനിമയ്ക്കായും നൽകിയിട്ടുണ്ട്. ബാക്കി 16 ലക്ഷം രൂപ ചിത്രീകരണ സമയത്തും ഡബ്ബിംഗ് സമയത്തുമായി കൈമാറാനും ധാരണയിലായി.
‘വെയിൽ’ സിനിമയിൽ അഭിനയിക്കുന്നതിനിടെ മറ്റൊരു സിനിമയിൽ അഭിനയിച്ചതിന്റെയും മുടി മുറിച്ചതിന്റെയും പേരിലാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ജോബി ജോർജ് വധഭീഷണി മുഴക്കിയെന്നു ഷെയിൻ നിഗം പരാതിപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്പോൾ മാധ്യമങ്ങളിൽ പറയുന്നതിനു മുന്പ് ആദ്യം സംഘടനയിൽ അറിയിച്ച് രമ്യമായ പരിഹാരം കാണണമെന്നു ചർച്ചയിൽ തീരുമാനമുണ്ടായതായി രഞ്ജിത് പറഞ്ഞു. ജോബിയുടെ ഭാഗത്തുനിന്നു ഷെയിന്റെ കുടുംബത്തിനെതിരേ നടത്തിയ പരമാർശങ്ങളിൽ അദ്ദേഹം ചർച്ചയിൽ ഖേദം പ്രകടിപ്പിച്ചു. ഷെയിൻ നിഗമിന്റെ മാതാവും ചർച്ചയിൽ പങ്കെടുത്തു.