ചികിത്സയിൽ കഴിയുന്ന ശ്രേഷ്ഠബാവയെ മുഖ്യമന്ത്രി സന്ദർശിച്ചു
Monday, November 11, 2019 1:24 AM IST
കോതമംഗലം: മാർ ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം 5.15ഓടെയാണ് മുഖ്യമന്ത്രി ശ്രേഷ്ഠബാവയെ സന്ദർശിച്ചത്.
ഡോക്ടറോടു നേരിട്ടു രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി, ഉടൻ സുഖം പ്രാപിച്ചു കർമമേഖലയിൽ വ്യാപൃതനാകാൻ ശ്രേഷ്ഠ ബാവയ്ക്കു സാധിക്കട്ടെയെന്ന് ആശംസിച്ചു.
പനി ബാധിച്ചു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ശ്രേഷ്ഠബാവയെ രോഗം കുറഞ്ഞതിനെത്തുടർന്നു മുറിയിലേക്ക് ഏതാനും ദിവസം മുന്പാണ് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
ആന്റണി ജോണ് എംഎൽഎ, യാക്കോബായ സഭാ മുൻ സെക്രട്ടറി തന്പു ജോർജ് തുകലൻ, ആശുപത്രി സെക്രട്ടറി സി.എ. ബേബി എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.