ചേതന ജൂബിലി ആഘോഷം നാളെ മുതൽ
Tuesday, November 12, 2019 12:15 AM IST
തൃശൂർ: വിശ്വപ്രശസ്തരായ കലാപ്രതിഭകൾക്കു ജന്മം നൽകിയ തൃശൂർ ചേതനയുടെ ഏഴു ശാഖകളുടെ രജതജൂബിലി 13 മുതൽ 17 വരെ തീയതികളിൽ ആഘോഷിക്കും.
സിഎംഐ ദേവമാതാ പ്രവിശ്യയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ചിയ്യാരത്തെ ചേതന സൗണ്ട് സ്റ്റുഡിയോസ് ആൻഡ് റിക്കാർഡിംഗ് ആർട്സ്, ചേതന കോളജ് ഓഫ് മീഡിയ ആൻഡ് പെർഫോമിംഗ് ആർട്സ്, തൃശൂർ നായ്ക്കനാലിലെ ചേതന മ്യൂസിക് അക്കാദമി, പാലസ് റോഡിലെ ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്പൂക്കാവിലെ ചേതന സംഗീത് നാട്യ അക്കാദമി, ചേതന മ്യൂസിക് കോളജ്, ചേതന നാഷണൽ സ്കൂൾ ഓഫ് വോക്കോളജി എന്നിവയാണ് ജൂബിലി ആഘോഷിക്കുന്ന ചേതന സ്ഥാപനങ്ങൾ.
സംഗീതം, നൃത്തം, ഉപകരണസംഗീതം, സൗണ്ട് റിക്കാർഡിംഗ്, വോക്കോളജി, സിനിമാട്ടോഗ്രാഫി തുടങ്ങിയ മേഖലകളിൽ ചേതനയിൽനിന്നു പരിശീലനവും ബിരുദവും നേടിയ അനേകർ ലോകപ്രശസ്തരാണ്. സ്റ്റീഫൻ ദേവസിയും അൽഫോൻസ് ജോസഫും ജസ്റ്റിൻ ജോസുമെല്ലാം ഇക്കൂട്ടത്തിലുണ്ട്: സംഘാടക സമിതി ചെയർമാൻ റവ. ഡോ. പോൾ പൂവത്തിങ്കൽ സിഎംഐ അറിയിച്ചു.
നാളെയും 14, 15 തീയതികളിലും റീജണൽ തിയറ്ററിലാണു പരിപാടികൾ. എല്ലാ ദിവസവും രാവിലെ മുതൽ സെമിനാറുകളും വൈകുന്നേരം ആറുമുതൽ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്.