ശബരിമല വിധി എന്തായാലും മാനിക്കാനേ കഴിയൂ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
Wednesday, November 13, 2019 11:24 PM IST
തിരുവനന്തപുരം: ശബരിമല വിധി എന്തായാലും നിയമവാഴ്ച അംഗീകരിക്കുന്ന ഒരു നാടിന് വിധി മാനിക്കാനേ കഴിയൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മദ്രാസ് ഹിന്ദുമത ധർമ എൻഡോവ്മെന്റുകൾ (ഭേദഗതി) ബില്ലിന്റെ ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി ഇന്ന് വരികയാണ്.
അയോധ്യാ വിഷയത്തിൽ രാജ്യത്തെ പരമോന്നത കോടതിവിധി നാമെല്ലാം അംഗീകരിച്ചു. അയോധ്യാവിധി വരുംമുന്പ് കാന്പയിന്റെ ഭാഗമായി രണ്ട് ബിജെപി നേതാക്കൾ തന്നെ വന്നുകണ്ട കാര്യം മന്ത്രി വിവരിച്ചു. അയോധ്യ വിധി എന്തായാലും തങ്ങൾ അതിനെ അംഗീകരിക്കുമെന്നും അതിന്റെ പേരിൽ സംഘർഷങ്ങളോ കലാപങ്ങളോ ഉണ്ടാകാൻ പാടില്ലെന്നും ബിജെപി നേതാക്കൾ അറിയിച്ചു.
സുപ്രീംകോടതി വിധിയെ മാനിക്കുന്ന നിങ്ങളെയെല്ലാം ശബരിമല വിധിവരുമ്പോഴും ഇതേനിലപാടുമായി കാണുമോയെന്ന് താൻ ചോദിച്ചതായി കടകംപള്ളി വിശദീകരിച്ചു. അന്പലപ്പുഴ പാൽപായസത്തിന്റെ പേര് മാറ്റില്ലെന്നും പേര് മാറ്റി പേറ്റന്റ് വാങ്ങാൻ ഈ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബില്ല് 28 നെതിരെ 68 വോട്ടുകൾക്ക് നിയമസഭ പാസാക്കി.