പെരിയ ഇരട്ടക്കൊല: പത്തുപ്രതികൾ ജാമ്യാപേക്ഷ നൽകി
Wednesday, November 13, 2019 11:39 PM IST
കൊച്ചി: കാസർഗോട്ടെ കോണ്ഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പത്തു പ്രതികൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഒന്നു മുതൽ ഏഴുവരെ പ്രതികളായ എ. പീതാംബരൻ, സജി സി. ജോർജ്, കെ.എം. സുരേഷ്, കെ. അനിൽ കുമാർ, ഗിജിൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ, ഒന്പതു മുതൽ 11 വരെ പ്രതികളായ എ. മുരളി, ടി. രഞ്ജിത്ത്, പ്രദീപ് എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അന്വേഷണം സിബിഐയ്ക്കു വിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നു. സിംഗിൾബെഞ്ച് ഹർജി 18നു വീണ്ടും പരിഗണിക്കും.
കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ കഴിഞ്ഞ സെപ്റ്റംബർ 30നു ഹൈക്കോടതി കുറ്റപത്രം റദ്ദാക്കി അന്വേഷണം സിബിഐയ്ക്കു വിട്ടു. ഇതിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. അന്വേഷണ ഏജൻസി ഏതാണെന്ന് ഇതിനുശേഷമേ വ്യക്തമാകൂ. അപ്പീൽ 16നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.