നവ സമൂഹസൃഷ്ടിക്കായി ലഹരി ഒഴിവാക്കണം: മുഖ്യമന്ത്രി
Monday, November 18, 2019 1:21 AM IST
കൊച്ചി: നവ സമൂഹസൃഷ്ടിക്കായി ജീവിതത്തില്‍നിന്ന് മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരികള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എക്സൈസ് വകുപ്പിന്റെ ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 90 ദിന ലഹരി വിമുക്ത ബോധവല്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

ലഹരി വിമുക്ത ബോധവത്കരണം വ്യക്തികളിലോ കുടുംബങ്ങളിലോ മാത്രം ഒതുങ്ങാതെ നടപ്പാക്കാനാകണം. അതിനായി സമൂഹമാകെ പദ്ധതിയില്‍ പങ്കാളികളാകണം. കേരളം സമഗ്ര വികസനത്തിന്റെ പാതയിലാണ്. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ നടന്നുവരുന്ന സന്ദര്‍ഭമാണിത്. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നവകേരളം കെട്ടിപ്പടുക്കുകയെന്ന കേരളത്തിന്റെ മുന്നേറ്റത്തിന് കരുത്തായി മാറും. ബഹുജന പിന്തുണയോടെ മാത്രമേ പദ്ധതി വിജയിപ്പിക്കാനാകൂ. അതിന് ഏവരും സഹകരിക്കണമെന്ന്അദ്ദേഹം അഭ്യര്‍ഥിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ കേരള സമൂഹത്തിനു മുന്നില്‍ വച്ചിട്ടുള്ള ഈ യത്നത്തില്‍ എല്ലാ വകുപ്പുകളും സമൂഹവും പങ്കാളികളാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ലഹരി മുക്ത കാമ്പസ് എന്ന ആശയത്തിലൂന്നി പദ്ധതി പൊതു വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തുകഴിഞ്ഞു. ലഹരിക്കെതിരേ പ്രത്യേക പോര്‍ട്ടല്‍ തയാറാക്കി ക്ലാസുകളിലും മാതാപിതാക്കളിലും എത്തിക്കാൻ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍മപദ്ധതി മന്ത്രി പ്രഫ.സി.രവീന്ദ്രനാഥിന് കൈമാറി മന്ത്രി ടി.പി.രാമകൃഷ്ണന് നാടിന് സമര്‍പ്പിച്ചു. കൊച്ചി മേയര്‍ സൗമിനി ജെയിന് ലഹരിവിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹൈബി ഈഡന് എംപി, എംഎല്‍എ മാരായ ടി.ജെ.വിനോദ്, പി.ടി.തോമസ്, എം.മുകേഷ്, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജിസിഡിഎ ചെയര്മാന് അഡ്വ.വി.സലിം തുടങ്ങിയവര്‍ പ്രസംഗിച്ചു.