പിതാവിനൊപ്പമെത്തിയ 12 വയസുകാരിയെ പന്പയിൽ പോലീസ് തടഞ്ഞു
Wednesday, November 20, 2019 12:07 AM IST
ശബരിമല: ശബരിമല ദർശനത്തിനായി അച്ഛന്റെ കൂടെ എത്തിയ 12 വയസുകാരിയെ പോലീസ് തടഞ്ഞു. തമിഴ്നാട്ടിലെ ബേലൂരിൽനിന്നെത്തിയ സംഘത്തിനൊപ്പമാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. രേഖകൾ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. പെണ്‍കുട്ടിയെ പന്പയിൽ വനിതാ പോലീസ് തടഞ്ഞുവയ്ക്കുകയും പിതാവിനെ സന്നിധാനത്തേക്കു കടത്തിവിടുകയും ചെയ്തു. പിതാവ് തിരികെയെത്തുന്നതുവരെ പെണ്‍കുട്ടി പന്പയിലെ പോലീസ് ഗാർഡ് റൂമിൽ വിശ്രമിച്ചു. ഏറെ പ്രതീക്ഷകളോടെ ശബരിമലയിലെത്തിനെത്തിയ കുട്ടി ദർശനം സാധ്യമാകാതെ മടങ്ങേണ്ടിവന്നതിന്റെ വിഷമത്തിലുമായി.
10നും 50നും മധ്യേ പ്രായമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്ന നിർദേശത്തെത്തുടർന്നു പോലീസ്, കർശന പരിശോധന നടത്തിയശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്. നിലയ്ക്കലിലും പന്പയിലും വനിതാ പോലീസിനെ നിയോഗിച്ചാണ് പരിശോധന നടത്തുന്നത്.