ജോളി ജോണ്‍സണു കോമണ്‍വെല്‍ത്ത് ‘പോയിന്റ്സ് ഓഫ് ലൈറ്റ്’ പുരസ്കാരം
Thursday, November 21, 2019 12:08 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായ ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ഓര്‍ഗനൈസെഷന്‍ (എച്ച് ടു ഓ) സ്ഥാപകയും സി ഇ ഓയുമായ ജോളി ജോണ്സണ് കോമണ്‍വെല്‍ത്ത് ‘പോയിന്റ്സ് ഓഫ് ലൈറ്റ്’ പുരസ്കാരത്തിന് അര്‍ഹയായി. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികള്‍ക്കിടയില്‍ നടത്തുന്ന സന്നദ്ധസേവനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചാള്‍സ് രാജകുമാരന് ജോളിക്കു പുരസ്കാരം സമ്മാനിച്ചത്. അദ്ദേഹം അടുത്തിടെ ഡല്‍ഹി സന്ദര്‍ശിച്ചപ്പോഴാണ് എലിസബത്ത് രാജ്ഞിക്കു വേണ്ടി പുരസ്കാരം സമ്മാനിച്ചത്.
ആഗോളവ്യാപകമായി 12,000 യുവ സന്നദ്ധപ്രവര്‍ത്തകരുടെ നിരയുള്ള എച്ച് ടു ഓ ലാഭരഹിതമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്ന വിധം പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കാണ് ”പോയിന്റ്സ് ഓഫ് ലൈറ്റ്’ പുരസ്കാരം നല്‍കിവരുന്നത്.
യുവാക്കളുടെ സാമൂഹിക ഇടപെടലുകളെ പിന്തുണച്ചുള്ള ജോളിയുടെ അനിതരസാധാരണമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരമെന്ന് പ്രശസ്തിപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.