സിപിഎമ്മും സർക്കാരും നടപ്പാക്കുന്നത് ആർഎസ്എസിന്റെ അജൻഡ: മുല്ലപ്പള്ളി
Thursday, November 21, 2019 12:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദമുണ്ടെന്ന ആർഎസ്എസിന്റെ വായ്ത്താരി ഏറ്റുപിടിച്ച സിപിഎം, കേരളത്തിൽ ബിജെപിയുടെ അജൻഡ നടപ്പാക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാവോയിസ്റ്റുകളെ സഹായിക്കുന്നതു മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും ടിപി കൊലക്കേസ് പ്രതിയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി. മോഹനന്റെ പരാമർശത്തെ ആർഎസ്എസ്- ബിജെപി നേതാക്കൾ സ്വാഗതം ചെയ്തു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നൽകി ആർഎസ്എസ് ആദരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ പ്രവർത്തകരായ രണ്ടു വിദ്യാർഥികളുടെമേൽ യുഎപിഎ ചുമത്തിയതിനെതിരേ സിപിഎം ദേശീയ സെക്രട്ടറിയും പിബിയും സംസ്ഥാന സെക്രട്ടേറിയറ്റുമെല്ലാം ഒന്നടങ്കം രംഗത്തുവന്നെങ്കിലും പിണറായിക്കു മാത്രം കുലുക്കമില്ല. സിപിഐ ശക്തമായ ഭാഷയിലാണ് യുഎപിഎയ്ക്ക് എതിരേ രംഗത്തുവന്നത്. യുഎപിഎ കരിനിയമമാണെന്ന് എല്ലാ വേദികളിലും അപലപിച്ചിട്ടുള്ളവരാണ് സിപിഎമ്മുകാർ. മുഖ്യമന്ത്രി സിപിഎമ്മിന്റെയല്ല, മറിച്ച് മോദിയുടെ നയങ്ങൾ നടപ്പാക്കുന്നതിൽ വ്യാപൃതനാണ്. ഇന്ത്യയിൽ മോദിയുടെ നയം ഇത്രയും വിശ്വസ്തതയോടെ നടപ്പാക്കുന്ന മറ്റൊരു മുഖ്യമന്ത്രിയില്ല. ഏഴു മാവോയിസ്റ്റുകളെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെ കേരള പോലീസ് കൊന്നതെന്നു മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിൽ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങൾ ഉണ്ടോ? അവർ മാവോയിസ്റ്റുകൾക്കു താങ്ങും തണലും നല്കുന്നുണ്ടോ? കൊല്ലപ്പെട്ടവർക്ക് ഇവർ എന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ നല്കിയിട്ടുണ്ടോ? മാവോയിസ്റ്റ് ഭീഷണിയുടെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രിക്കു സമാനമായ സുരക്ഷാസംവിധാനങ്ങളിൽ അഭിരമിക്കുന്ന കേരള മുഖ്യമന്ത്രി ഈ ചോദ്യങ്ങൾക്കു മറുപടി പറയണമെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.