കേരള മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി ബിൽ പാസാക്കി
Friday, November 22, 2019 1:34 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ നഗരഗതാഗതത്തിന്റെ ആസൂത്രണം, മേൽനോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവക്കായി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റികൾ രൂപീകരിക്കാനുള്ള ബിൽ നിയമസഭ പാസാക്കി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഡിസംബർ 11 ന് നിയമസഭയിൽ അവതരിപ്പിച്ച ബിൽ സെലക്റ്റ് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമാണ് വ്യാഴാഴ്ച സഭ പാസാക്കിയത്.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു നിയമനിർമാണം. യന്ത്രവൽകൃതമല്ലാത്തതുൾപ്പെടെയുള്ള വിവിധ ഗതാഗത സംവിധാനങ്ങളുടെ ഏകോപനം, ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റത്തിൽ അധിഷ്ഠിതമായ എല്ലാ ഗതാഗത സംവിധാനങ്ങൾക്കും യോജിച്ചതും ഏകോപിപ്പിച്ചതുമായ സ്മാർട്ട് ടിക്കറ്റ് വിതരണ സംവിധാനം, നഗര ഗതാഗത സേവനം മെച്ചപ്പടുത്തൽ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഗതാഗത മന്ത്രി ചെയർപേഴ്സണായും ഗതാഗത സെക്രട്ടറി വൈസ് ചെയർപേഴ്സണായും ഉള്ള അഥോറിറ്റിയിൽ നാല് വിദഗ്ധർ ഉൾപ്പെടെ 18 അംഗങ്ങൾ ഉണ്ടാകും.
അഥോറിറ്റി രൂപീകരിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി അർബൻ മൊബിലിറ്റി പ്രദേശങ്ങൾ പ്രഖ്യാപിച്ചു വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിന്റെ അതിരുകളും പ്രദേശങ്ങളും കാണിക്കുന്ന ഭൂപടം പ്രസിദ്ധപ്പെടുത്തും. എന്നാൽ വിജ്ഞാപനം പുറപ്പെടുവിക്കാതെ ആക്ട് പ്രകാരം തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപ്പറേഷൻ പരിധി അർബൻ മൊബിലിറ്റി പ്രദേശങ്ങളാണ്.
അർബൻ മൊബിലിറ്റി പ്രദേശത്ത് മറ്റ് പ്രദേശങ്ങൾ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ഒരു അർബൻ മൊബിലിറ്റി പ്രദേശത്തിന് ഒരു അഥോറിറ്റിയാണ് രൂപീകരിക്കാവുന്നത്. (സംസ്ഥാനതലത്തിൽ ഒരു അഥോറിറ്റിയല്ല).
ആദ്യം കൊച്ചി കോർപറേഷൻ പരിധി ഉൾപ്പെടുന്ന അർബൻ മൊബിലിറ്റി പ്രദേശത്ത് അഥോറിറ്റി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റ് നഗരങ്ങളിലും അർബർ മൊബിലിറ്റി പ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലും അഥോറിറ്റി സ്ഥാപിക്കുന്ന കാര്യം പിന്നീട് പരിശോധിക്കാവുന്നതാണ്.
നഗരഗതാഗതത്തിന്റെ സങ്കീർണതകൾ ഒഴിവാക്കി എല്ലാ വകുപ്പുകളെയും ഒരു കുടക്കീഴിലാക്കാനും നഗരഗതാഗതം സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്പോൾ വകുപ്പുകളുടെ ഏകോപനം ഉണ്ടാക്കാനും അഥോറിറ്റി രൂപീകരണത്തിലൂടെ സാധിക്കും.
അഥോറിറ്റികൾ നിലവിൽ വരുന്പോൾ ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ട ാക്കാൻ സാധിക്കുന്നതാണെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.