മതമൈത്രി സംരക്ഷണ സമിതി രാപകൽ സത്യഗ്രഹം തുടങ്ങി
Thursday, December 5, 2019 11:49 PM IST
കോതമംഗലം: കോടതികളുടെ മുന്നിലെത്തുന്ന ചില തെളിവുകൾ മാത്രമല്ല പൊതുസമൂഹത്തിന്റെ നീതിയാവശ്യങ്ങൾ കൂടി പരിഗണിക്കണമെന്നു മുൻ എംപി ഫ്രാൻസിസ് ജോർജ്. കോതമംഗലം മാർത്തോമ്മ ചെറിയപള്ളി സംരക്ഷണ മതമൈത്രി സമിതി പള്ളി അങ്കണത്തിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ റിലേ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതി പാലിക്കപ്പെട്ടാൽ മാത്രമേ നിയമങ്ങൾ നിലനിർത്താൻ കഴിയൂ. നീതിക്കുവേണ്ടിയാണ് മലങ്കര യാക്കോബായ സഭ നിലകൊള്ളുന്നത്. ഏത് മതസ്ഥരുടേതാണെങ്കിലും നീതിയെ ഹനിക്കുന്ന ഒരു തീരുമാനവും ആർക്കും ഭൂഷണമല്ല. മലങ്കരസഭയുടെ വിവിധ കേസുകളിൽ 1995 ലും 2017 ലും സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിട്ടുള്ള വിധികൾ യാക്കോബായ സഭയ്ക്ക് അനുകൂലമാണ്. അടുത്തകാലത്ത് ഉണ്ടായിട്ടുള്ള സുപ്രീംകോടതിയുടെ രണ്ടു വിധികളും യാക്കോബായ സഭയ്ക്ക് ആശ്വാസകരമാണ്.
കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിയുടെ വിധി ഈ സാഹചര്യത്തിൽ പുനഃപരിശോധിക്കണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് മതമൈത്രി സമിതി സത്യഗ്രഹ സമരം ആരംഭിച്ചിട്ടുള്ളത്. പരിശുദ്ധ ബാവയുടെയും പള്ളിയുടെയും പാരന്പര്യവും തനിമയും പരിശുദ്ധിയും നിലനിർത്താൻ ഏതറ്റംവരെയും പോകണമെന്നും പൂർണ പിന്തുണയും സഹായവും ഉണ്ടാകുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
സമിതി കണ്‍വീനറും മുനിസിപ്പൽ വൈസ്ചെയർമാനുമായ എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു.