വിമാനത്താവളത്തിൽ 1.19 കോടിയുടെ സ്വർണവേട്ട
Sunday, December 8, 2019 12:43 AM IST
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.19 കോടി രൂപയുടെ സ്വർണവേട്ട. ഇന്നലെ പുലർച്ചെ വിദേശത്തുനിന്നു നെടുമ്പാശേരിയിൽ എത്തിയ രണ്ടു യാത്രക്കാരിൽനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച 3.750 കിലോഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിൽനിന്ന് എത്തിയ മലപ്പുറം തുവൂർ സ്വദേശി സുൽഫിക്കർ അലി എന്ന യാത്രക്കാരനിൽനിന്നാണ് 3.250 കിലോഗ്രാം സ്വർണം പിടിച്ചത്. പേസ്റ്റ് രൂപത്തിലാക്കി കാലിൽ ചേർത്തുവച്ചശേഷം അതിന് മുകളിലായി കാലിലെ വേദന മാറാൻ ധരിക്കുന്ന ‘നീകോളർ’ധരിച്ചിരിക്കുകയായിരുന്നു. ഇയാളുടെ നടത്തത്തിൽ അസ്വാഭാവികത തോന്നി നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. മറ്റൊരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശിയിൽനിന്ന് അര കിലോഗ്രാം സ്വർണവും പിടികൂടി. ഇയാൾ 250 ഗ്രാം വീതമുള്ള രണ്ട് സ്വർണക്കട്ടികൾ മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.