മനുഷ്യാവതാരം മനുഷ്യരക്ഷയ്ക്ക്
Sunday, December 8, 2019 1:51 AM IST
ക്രിസ്മസ് മനുഷ്യരക്ഷയുടെ ആഘോഷമാണ്. ആദിമാതാപിതാക്കളിലൂടെ നഷ്ടപ്പെട്ട പറുദീസ അനുഭവം വീണ്ടെടുക്കുന്നതിന്റെ ആഘോഷം. സൃഷ്ടിയുടെ ആരംഭത്തിൽ ദൈവവും മനുഷ്യനും ഒന്നിച്ചു നടന്നു. പരസ്പരം സംസാരിച്ചു. പിശാചിന്റെ കുടില തന്ത്രങ്ങൾക്കു മനുഷ്യൻ കീഴടങ്ങിയപ്പോൾ പറുദീസ അനുഭവം അവനു നഷ്ടമായി. പറുദീസ അനുഭവത്തിലേക്കു മനുഷ്യകുലത്തെ തിരികെ കൊണ്ടുവരാൻ ദൈവം വ്യക്തികളെയും സംഭവങ്ങളെയും പ്രയോജനപ്പെടുത്തി. അവസാനം തിരുസുതനെത്തന്നെ ഭൂമിയിലേക്ക് അയച്ചു.
യേശു ബേത്ലഹേമിലെ പുൽത്തൊഴുത്തിൽ ജനിച്ചുവീണ നിമിഷംതന്നെ രക്ഷയുടെ സ്പന്ദനം ഭൂമിയിൽ അനുഭവപ്പെട്ടു. ദിവ്യപൈതലിന്റെ ജനനവാർത്തയറിഞ്ഞു പുൽത്തൊഴുത്തിലെത്തിയ ആട്ടിടയന്മാരും ജ്ഞാനികളുമെല്ലാം പറുദീസ അനുഭവത്തിലേക്കു എത്തുകയായിരുന്നു. രക്ഷകൻ പിറന്നെങ്കിലും എല്ലാവരും രക്ഷയുടെ അനുഭവത്തിലേക്കു പ്രവേശിക്കുന്നില്ലെന്നതിനു ഉദാഹരണമാണ് ഹേറോദേസിന്റെ ജീവിതം.
ഈ ക്രിസ്മസ് കാലം ആട്ടിടയന്മാരും ജ്ഞാനികളുമെല്ലാം നടന്ന വഴിയിലൂടെ നടക്കാനുള്ള സമയമാണ്. ആ യാത്ര പറുദീസ അനുഭവത്തിലേക്കാണ്. ഏദനിൽ നഷ്ടപ്പെട്ട പറുദീസ അനുഭവം ബെത്ലഹേമിലെ പുൽത്തൊഴുത്തിൽ കണ്ടെത്തുന്നു. യൗസേപ്പിതാവും മാതാവും ഉണ്ണിമിശിഹായും ആട്ടിടയന്മാരും പൂജരാജാക്കന്മാരും പക്ഷിമൃഗാദികളും മരങ്ങളും നക്ഷത്രജാലങ്ങളുമെല്ലാമടങ്ങുന്ന അനുഭവത്തിലേക്കു ക്രിസ്മസ് നമ്മെ നയിക്കുന്നു.
ഫാ. തോമസ് കൊട്ടുപ്പള്ളിൽ എംസിബിഎസ്