വലയ സൂര്യഗ്രഹണം 26 ന്
Monday, December 9, 2019 11:44 PM IST
തിരുവനന്തപുരം: ആകാശത്ത് ആപൂർവ വിസ്മയ കാഴ്ചയൊരുക്കുന്ന വലയ സൂര്യഗ്രണം ഡിസംബർ 26 ന് കേരളത്തിൽ ദൃശ്യമാകും.
ഭൂമിയിൽ നിന്നു കാണുന്ന സൂര്യബിംബത്തെ ചന്ദ്രബിംബം മറയ്ക്കുന്ന പ്രതിഭാസത്തെയാണ് സൂര്യഗ്രഹണം എന്നു വിളിക്കുന്നത്. ഭ്രമണത്തിനിടയിൽ സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുന്പോഴാണ് ഇതു സംഭവിക്കുന്നത്. ചില അവസരങ്ങളിൽ(ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലത്തിൽ സ്ഥിതി ചെയ്യുന്പോൾ) ഗ്രഹണമുണ്ടാകുന്പോൾ ചന്ദ്രബിംബത്തിന് സൂര്യബിംബത്തെ പൂർണമായി മറയ്ക്കാൻ കഴിയില്ല. ആ സമയത്ത് സൂര്യന്റെ മധ്യഭാഗം മറഞ്ഞും ബാഹ്യഭാഗം ഒരു തീവളയം പോലെയും ദൃശ്യമാകും. ഇതിനെയാണ് വലയ സൂര്യഗ്രഹണമെന്ന് ശാസ്ത്രലോകം വിളിക്കുന്നത്. 2010 ജനുവരി 15 നാണ് ഇതിനു മുൻപ് കേരളത്തിൽ വലയസൂര്യഗ്രഹണം ദൃശ്യമായത്.
26 ന് നടക്കുന്ന വലയ സൂര്യഗ്രഹണം ഇന്ത്യയിൽ പൂർണമായി കാണാൻ കഴിയുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലയ സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുന്ന മൂന്ന് സ്ഥലങ്ങളിൽ ഒന്നാണ് കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിലെ കാടങ്കോട്. ഇന്ത്യയിൽ ആദ്യം സൂര്യഗ്രഹണം ദൃശ്യമാകുന്നതും ഇവിടെയാണ്.
നാസ പുറത്തിറക്കിയ വലയ സൂര്യഗ്രഹണ മാപ്പ് പ്രകാരം വലയ സൂര്യഗ്രഹണ പാത കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം വലയ സൂര്യഗ്രഹണവും ഇതിനോടടുത്ത പ്രദേശങ്ങളിൽ ഭാഗിക സൂര്യഗ്രഹണവും ദൃശ്യമാകും. കണ്ണൂർ, വയനാട് ജില്ലകളിലെ മാതമംഗലം, പന്നിയൂർ, പേരാവൂർ, മീനങ്ങാടി, ചുള്ളിയോട്, കൽപറ്റ തുടങ്ങിയ സ്ഥലങ്ങളിലും വലയ സൂര്യഗ്രഹണം പൂർണമായി ദൃശ്യമാകും. മറ്റിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണമായിരിക്കും കാണാനാവുക. കേരളത്തിനു പുറമെ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലൂടെയും വലയ സൂര്യഗ്രഹണ പാത കടന്നു പോകുന്നുണ്ട്.
26 ന് രാവിലെ 8.04 ഓടെയാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. ഭാഗിക ഗ്രഹണമാണ് ആദ്യം ദൃശ്യമാവുക. രാവിലെ 9.24 ഓടെ വലയ സൂര്യഗ്രഹണ ഘട്ടത്തിന് തുടക്കമാകും. 9.27 ഓടെ സൂര്യബിംബത്തിന്റെ മധ്യത്തിൽ ചന്ദ്രബിംബമെത്തുന്പോൾ സൂര്യൻ തീവളയം പോലെ ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണം സംഭവിക്കും. ഏകദേശം 3.12 മിനിറ്റോളം ഈ വിസ്മയ കാഴ്ച ആകാശത്ത് ദൃശ്യമായിരിക്കും. തുടർന്ന് ദൃശ്യമാകുന്ന ഭാഗിക ഗ്രഹണം 11.11 ഓടെ പൂർണമാകും.
അതേസമയം, വലയ സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ടു വീക്ഷിക്കരുത്. വെളിച്ചം കുറഞ്ഞിരിക്കുന്ന ഈ സമയത്ത് കണ്ണിലെ കൃഷ്ണമണികൾ കൂടുതൽ വികസിക്കുകയും, കണ്ണിലേക്കു കടക്കുന്ന തീക്ഷ്ണമായ അൾട്രാവയലറ്റ് കിരണങ്ങൾ കണ്ണിലെ റെറ്റിനയ്ക്കു കേടുപാടുണ്ടാക്കുമെന്നതാണ് വിലക്കിനു പിന്നിൽ. അതേസമയം എക്ലിപ്സ് ഗ്ലാസുകളും സണ്ഫിലിം, എക്സ്റേ, വെൽഡർമാർ ഉപയോഗിക്കുന്ന ഗ്ലാസ് എന്നിവയിലൂടെ ഗ്രഹണം വീക്ഷിക്കാം. ഇവ ഉപയോഗിച്ചാലും പത്തു സെക്കൻഡിൽ കൂടുതൽ തുടർച്ചയായി ഗ്രഹണം വീക്ഷിക്കാൻ പാടില്ല.