മഹാസംഗമത്തിൽ തെളിഞ്ഞത് കർഷകശക്തി
Tuesday, December 10, 2019 12:06 AM IST
കണ്ണൂർ: സമയം രാവിലെ ഒൻപത്. മുറിക്കൈയൻ ബനിയനും തോർത്തും ഉടുത്ത് കർഷകർ കണ്ണൂർ കളക്ടറേറ്റ് മൈതാനത്തേക്ക്. ചിലരുടെ ചുമലിൽ അടയ്ക്കാക്കുലകളും വാഴക്കുലയും വാഴയും. റബർഷീറ്റുകൾ കഴുത്തിലണിഞ്ഞ്, റബർ കൂട പുറകിൽ കെട്ടി കൈയിൽ ടാപ്പിംഗ് കത്തിയുമായി ചിലർ. പുതിയ കാലഘട്ടത്തിൽ കാർഷികമേഖല നേരിടുന്ന പ്രതിസന്ധികൾ കളക്ടറേറ്റ് മൈതാനത്ത് എത്തിയ കർഷകരുടെ മുഖത്ത് പ്രകടമായിരുന്നു.
ഉത്തരമലബാർ കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായുള്ള കർഷക മഹാസംഗമം നടന്ന കളക്ടറേറ്റ് മൈതാനിയിലേക്കായിരുന്നു കർഷകർ ഒഴുകിയെത്തിയത്. മഹാസംഗമ സമ്മേളനത്തിൽ പങ്കെടുത്ത ബിഷപ്പുമാരെ പാളത്തൊപ്പി നൽകിയാണ് വേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്. സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് എംപിയും എംഎൽഎമാരുമടക്കമുള്ള ജനപ്രതിനിധികൾ വേദിയിലെത്തിയിരുന്നു. കാർഷികവേഷത്തിലെത്തിയവർ സംഗമം നടക്കുന്ന വേദിയുടെ മുന്നിൽ ഇരുന്നു. ഇതിനിടയിൽ സമ്മേളന നഗരിയിൽനിന്ന് കർഷക മുദ്രാവാക്യങ്ങൾ ഉയർന്നുകൊണ്ടിരുന്നു.
ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി നടന്ന ആശംസാപ്രസംഗത്തിൽ ഡിസിഎൽ കൊച്ചേട്ടൻ റോയി കണ്ണൻചിറ, എകെസിസി ഗ്ലോബൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ, യൂത്ത് ഏഷ്യൻ പ്രസിഡന്റ് സിജോ അന്പാട്ട്, വിൻസെന്റ് ഡി പോൾ വനിതാ വിഭാഗം ദേശീയ പ്രസിഡന്റ് ജോളി കാരക്കുന്നേൽ, ഷുക്കൂർ കണാജെ എന്നിവർ പ്രസംഗിച്ചു.
റെനീഷ് മാത്യു