ഒരു മാസത്തിനിടെ പിടികൂടിയത് അഞ്ചരക്കോടിയുടെ സ്വർണം
Tuesday, December 10, 2019 12:30 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു മാസത്തിനിടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത് അഞ്ചരക്കോടി രൂപയുടെ സ്വര്‍ണം.
വിവിധ കേസുകളിലായി 22 പേരാണ് ഈ കാലയളവിൽ സ്വർണക്കടത്തിനിടെ പിടിയിലായത്. പിടികൂടിയത് 15.2 കിലോഗ്രാം സ്വര്‍ണം. ഒരു കോടിയോളം രൂപയുടെ വിദേശ കറന്‍സിയും ഈ കാലയളവില്‍ പിടികൂടിയിട്ടുണ്ട്. 20 ലക്ഷം രൂപ വിലമതിക്കുന്ന 526 കാര്‍ട്ടണ്‍ സിഗരറ്റും പിടികൂടി.
കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പരിശോധന കര്‍ശനമാക്കിയതോടെ അതിനൂതന വിദ്യകളാണ് സ്വർണക്കടത്തുകാർ സ്വീകരിക്കുന്നത്. സ്വർണം ദ്രാവക രൂപത്തില്‍ പായ്ക്കറ്റുകളിലാക്കിയാണ് ഇപ്പോള്‍ കൂടുതലായും കടത്തുന്നത്.