സഹപ്രവർത്തകന്റെ വെടിയേറ്റു മലയാളി ജവാൻ മരിച്ചു
Tuesday, December 10, 2019 11:40 PM IST
ആലുവ: തെരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ടു നടത്തിയ യാത്രയ്ക്കിടെ സഹപ്രവർത്തകനിൽനിന്നു വെടിയേറ്റ് ആലുവ സ്വദേശിയായ സിഐഎസ്എഫ് കമാൻഡിംഗ് ഓഫീസർ കൊല്ലപ്പെട്ടു. ആലുവ മുപ്പത്തടം സൗഹൃദനഗർ എസ്.എസ്. ഭവനിൽ ബാലന്റെ മകൻ ഷാഹുൽ ഹർഷൻ (28) ആണ് മരിച്ചത്. ഛത്തീസ്ഗഡിൽനിന്നു ജാർഖണ്ഡിലേക്കുള്ള യാത്രയ്ക്കിടെ തിങ്കളാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. വെടിവയ്പിനുണ്ടായ കാരണം വ്യക്തമല്ല.
ഷാഹുലിനൊപ്പം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പൂർണാനന്ദ് ഭുയനും (47) കൊ ല്ലപ്പെട്ടു. മദ്യലഹരിയിലായിരുന്ന കോൺസ്റ്റബിൾ ദീപേന്ദർ യാദവ് ആണ് വെടിയുതിർത്തത്. സിആർപിഎഫിന്റെ 226-ാം ബറ്റാലിയന്റെ ചാർലി കന്പനിയിലെ ജവാന്മാരാണു ഷാഹുലും പൂർണാ നന്ദും.
ആക്രമണത്തിൽ മറ്റൊരു ജവാനു പരിക്കേറ്റതായും വിവരമുണ്ട്. നക്സൽ ആക്രമണത്തിൽ വീരമൃത്യുവരിച്ചുവെന്നായിരുന്നു ആദ്യവിവരം. പോലീസും അനൗദ്യോഗികമായി പറഞ്ഞതു നക്സൽ ആക്രമണമെന്നായിരുന്നു. പിന്നീടാണു സഹപ്രവർത്തകന്റെ വെടിയേറ്റാണു മരിച്ചതെന്ന സ്ഥിരീകരണമായത്. ഇക്കാര്യം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കും സ്ഥിരീകരിച്ചു.
വിവാഹത്തിന് തയാറെടുക്കുന്നതിനിടെയാണ് ബിടെക് ബിരുദധാരിയായ ഷാഹുലിന്റെ മരണം. മൂന്നു മാസം മുന്പു നാട്ടിൽ അവധിക്കെത്തിയപ്പോൾ വിവാഹത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ വിളിച്ചു തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുകയാണെന്നു പറഞ്ഞിരുന്നു. അഞ്ച് വർഷം മുന്പാണ് അസി. കമാൻഡന്റായി ഷാഹുൽ സർവീസിൽ പ്രവേശിച്ചത്.
കണ്ണൂർ സ്വദേശിയായ പിതാവ് ബാലൻ എയർഫോഴ്സിൽനിന്നു വിരമിച്ചശേഷം എഫ്എസിടിയിലും ജോലി ചെയ്തു. മാതാവ് ലീല ചെറായി സ്വദേശിനിയാണ്. അഡ്വ. ഷബർഷ ഏക സഹോദരിയാണ്.ഇന്നു രാവിലെ എട്ടിന് കൊച്ചി വിമാനത്താവളത്തിൽഎത്തിക്കുന്ന മൃതദേഹം കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.