പൗരത്വ ഭേദഗതി ബിൽ സുപ്രീംകോടതിയിൽ ചോദ്യംചെയ്യും: മുല്ലപ്പള്ളി
Friday, December 13, 2019 1:27 AM IST
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെ കോൺഗ്രസ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിനു തൃണമുൽ കോൺഗ്രസും മുസ്ലിം ലീഗും തയാറായിട്ടുണ്ടെന്നും അദ്ദേഹം കോഴിക്കോട്ടു മാധ്യമപ്രവർത്തകരോടു പറഞ്ഞു. പാർലമെൻറിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും.
സിപിഎം എടുത്ത നിലപാടു സംബന്ധിച്ചാണ് അഭിപ്രായ വ്യത്യാസം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനതന്നെ വഴിപാടാണ്. ഒരു ആത്മാർഥതയും അദ്ദേഹത്തിനില്ല. സിപിഎമ്മിന് മൃദുഹിന്ദുത്വ സമീപനമാണ്. മൃഗീയ ഭൂരിപക്ഷമുണ്ടെന്ന ഒറ്റകാരണത്താൽ ഇസ്ലാം മത വിശ്വാസികളെ ഒറ്റപ്പെടുത്തുകയാണു കേന്ദ്ര സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.