രാജ്യം നവ ക്വിറ്റ് ഇന്ത്യാ മുന്നേറ്റത്തിന് സാക്ഷ്യംവഹിക്കുന്നു:കനിമൊഴി എംപി
Sunday, January 19, 2020 12:15 AM IST
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യം നവ ക്വിറ്റ് ഇന്ത്യ മുന്നേറ്റത്തിന് സാക്ഷ്യംവഹിക്കുകയാണെന്ന് കനിമൊഴി എംപി. കേരള സാഹിത്യോത്സവത്തിന്റെ സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ പൗരത്വനിയമം നടപ്പാക്കുന്നത് തികച്ചും ഭരണഘടനാവിരുദ്ധമാണ്. അതുവഴി സ്വത്വബോധത്തെ കളങ്കപ്പെടുത്തി വൈവിധ്യങ്ങളുടെ കലവറയായ ഭാരതത്തെ കാവി പുതപ്പിക്കുവാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത്തരം നീക്കത്തിലൂടെ കേന്ദ്രഭരണകൂടം മതേതരഇന്ത്യയെ വിഭജിക്കുവാന്‍ ശ്രമിക്കുകയാണ്. തൊഴിലില്ലായ്മയും പരിസ്ഥിതി പ്രശ്നങ്ങളും സാമ്പത്തിക മാന്ദ്യവും ചര്‍ച്ച ചെയ്യേണ്ട ജനങ്ങള്‍ ഇന്ന് ഭരണഘടനയെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങുന്നത് ചില രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമാണെന്നും കനിമൊഴി അഭിപ്രായപ്പെട്ടു.
സിഎഎക്കെതിരെ തെരുവിറങ്ങിയ വിദ്യാര്‍ഥിളെ അഭിനന്ദിച്ച കനിമൊഴി, തമിഴ്നാട്ടിലെ കാമ്പസുകള്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് ഏറെ പ്രത്യാശാജനകമായി കാണുന്നതായും പറഞ്ഞു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള നിലപാടെന്തെന്നുള്ള ചോദ്യത്തിന്, ഒരു വ്യക്തി എന്ന നിലയില്‍ അവരെ താന്‍ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ ജയലളിത പിന്തുടര്‍ന്ന രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുണ്ടെന്നും മറുപടി നല്കി. ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന കാവിരാഷ്ട്രീയ അജണ്ടകളെ വിമര്‍ശിച്ച കനിമൊഴി കേരളത്തോടും മലയാളികളോടും ഏറെ ബഹുമാനമുണ്ടെന്നും കാവി ഭീകരതയ്ക്കെതിരേ രാജ്യം ഒറ്റക്കെട്ടായി മുന്നേറണമെന്നും ആഹ്വാനം ചെയ്തു.