ഫേസ്ബുക്ക് പോസ്റ്റ്: കേന്ദ്രസര്വകലാശാലയില്നിന്നു വിദ്യാര്‍ഥിയെ പുറത്താക്കി
Monday, January 20, 2020 11:34 PM IST
കാസര്‍ഗോഡ്: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ വിദ്യാര്‍ഥിയെ കേന്ദ്രസര്‍വകലാശാല പുറത്താക്കി. രണ്ടാംവര്‍ഷ എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അവാല രാമുവിനെയാണ് പുറത്താക്കിയത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പുറത്താക്കൽ. ഒരു വര്‍ഷം മുമ്പ് നടന്ന പുൽവാമ ആക്രമണത്തെത്തുടര്‍ന്ന് ആരാണ് യഥാര്‍ഥ രക്തസാക്ഷി എന്ന് ചോദിച്ചായിരുന്നു അവാല രാമുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതു ദേശദ്രോഹമാണെന്നും പട്ടാളക്കാരുടെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്നതാണെന്നുമാണ് അന്വേഷണ സമിതി കണ്ടെത്തിയത്.
വിദ്യാര്‍ഥിയുടെ പ്രസ്താവനകള്‍ സര്‍വകലാശാലയുടെ സൽപ്പേരിനു ദോഷമുണ്ടാക്കുന്നതാണെന്ന് സമിതി വിലയിരുത്തി.
സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്യാര്‍ഥി പ്രചരിപ്പിച്ച പ്രസ്താവനകളുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍വകലാശാലയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇന്നലെ വിദ്യാർഥിയെ പുറത്താക്കിയതായി അറിയിച്ചുകൊണ്ടു കേന്ദ്രസര്വകാലാശാല പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.