അടിയന്തര ഘട്ട ചികിത്സ: സമയം നീട്ടി നൽകി
Tuesday, January 21, 2020 11:16 PM IST
കൊച്ചി: അടിയന്തരഘട്ടങ്ങളില്‍ ചികില്‍സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കുന്ന പദ്ധതികള്‍ സംബന്ധിച്ചു വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു.
വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയില്‍ ക്ലാസ് മുറിക്കകത്തു സ്കൂള്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സ്വദേശി കുളത്തൂര്‍ ജയ്സിംഗ് നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
സംസ്ഥാനത്തെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കുട്ടികളുടെ ഐസിയുവും പീഡിയാട്രിക് വെന്റിലേറ്ററും അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നതടക്കം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇന്നലെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ വിശദീകരണത്തിന് സര്‍ക്കാര്‍ വീണ്ടും കൂടുതല്‍ സമയം തേടി.