ഓടയ്ക്കാലി പള്ളിയിൽ പോലീസിനെ തടഞ്ഞു, സംഘർഷം
Tuesday, January 21, 2020 11:16 PM IST
പെരുമ്പാവൂർ: ഓടയ്ക്കാലി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ കോടതി വിധി നടപ്പാക്കാനുള്ള പോലീസ് ശ്രമം നൂറുകണക്കിനു വിശ്വാസികൾ ഉപരോധം തീർത്തു തടഞ്ഞു. ഇന്നലെ പകൽ മുഴുവൻ നീണ്ട സംഘർഷങ്ങൾക്ക് ഒടുവിൽ രാത്രിയോടെ പോലീസ് പിൻവാങ്ങി. രാത്രി വൈകിയും വിശ്വാസികൾ പള്ളിയിലും പുറത്തുമായി സംഘടിച്ചുനിൽക്കുകയാണ്. ഒന്പതു യാക്കോബായ വിശ്വാസികളെ പള്ളി കോമ്പൗണ്ടിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്.
ഇന്നലെ രാവിലെ ആറോടെയാണു പെരുമ്പാവൂർ ഡിവൈഎസ്പി കെ. ബിജു മേനോന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം പള്ളിയിലെത്തിയത്. ഇതിനകം വിശ്വാസികൾ പള്ളി കോന്പൗണ്ടിൽ സംഘടിച്ചു ഗേറ്റ് പൂട്ടിയിരുന്നു. ഒന്പതോടെ പള്ളി ഗേറ്റിന്റെ പൂട്ട് തകർത്തു പോലീസ് അകത്തുകടന്നു. തടയാൻ ശ്രമിച്ചവരെ ബലം പ്രയോഗിച്ചു തള്ളിനീക്കിയാണ് കോമ്പൗണ്ടിൽ കടന്നത്. വൈദികർ ഉൾപ്പെടെ പലർക്കും മർദനമേറ്റു
കോന്പൗണ്ടിലുണ്ടായിരുന്ന അഞ്ഞൂറിലധികം വിശ്വാസികൾ ഇതിനിടെ മാത്യൂസ് മാർ അന്തിമോസ് തിരുമേനിയുടെ നേതൃത്വത്തിൽ പള്ളിയിൽ കയറി നിലയുറപ്പിച്ചു. ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒന്പതു പേരെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ പോലീസിനെ മറികടന്ന് ആയിരത്തിലധികം വിശ്വാസികൾ പള്ളി കോമ്പൗണ്ടിലേക്ക് ഇരച്ചുകയറി. തുടർന്നാണു പോലീസ് ശ്രമം ഉപേക്ഷിച്ചത്. ഏല്യാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത എന്നിവർ പള്ളിയിലെത്തിയിട്ടുണ്ട്. രാത്രിയിലും പോലീസ് സ്ഥലത്തു ക്യാന്പ് ചെയ്യുകയാണ്.