സംഘർഷം തീർക്കാനെത്തിയ എസ്ഐയെ എസ്എഫ്ഐക്കാർ കൈയേറ്റം ചെയ്തു
Thursday, January 23, 2020 11:54 PM IST
പാലാ: പോളിടെക്നിക് കോളജിലെ എസ്എഫ്ഐ - കെഎസ്യു സംഘർഷം തീർപ്പാക്കാൻ എത്തിയ എസ്ഐയെ എസ്എഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്തു. സംഭവത്തിൽ കൈയ്ക്കു പരിക്കേറ്റ പാലാ സ്റ്റേഷനിലെ എസ്ഐ പി.കെ. മാണി പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ. വിഷ്ണു (22), പ്രവർത്തകരായ സച്ചിൻ (20), തോമസ് ജോസ് (18) എന്നിവർക്കെതിരെ പാലാ പോലീസ് കേസെടുത്തു.
ബുധനാഴ്ച വൈകുന്നേരം 4.30ന് എസ്എഫ്ഐ - കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പ്രിൻസിപ്പൽ പോലീസ് സഹായം അഭ്യർഥിച്ചതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന എസ്ഐയെ ഡ്രൈവർക്ക് ഒപ്പം കോളജിലേക്ക് അയച്ചു. പ്രശ്നം പരിഹരിച്ചു വിദ്യാർഥികൾ കാന്പസിൽനിന്നു പിരിഞ്ഞു പോകുന്നതു വരെ പോലീസ് കോളജിനു പുറത്തു കാത്തിരുന്നു. ഇതിനിടെ, കോളജിൽനിന്നു പുറത്തുപോയ അക്ഷയ് സജീവ്, എ. അന്പു എന്നിവർ ബൈക്ക് എടുക്കാനായി തിരിച്ചെത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ ഇവരെ റോഡിൽ തടഞ്ഞു നിർത്തി കൈയേറ്റംചെയ്തു. ഇതിനു തടസം പിടിക്കാൻ എത്തിയ എസ്ഐയെ പിടിച്ചു തള്ളുകയും കൈപിടിച്ചു തിരിക്കുകയുമായിരുന്നു.’താൻ പോടോ, പോയി പണിനോക്ക്, താൻ എത്ര കാലം കാക്കിയിട്ട് ഇവിടെ ഇരിക്കും എന്നു നോക്കട്ടെ’ തുടങ്ങിയ ഭീഷണികളോടെയായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ കൈയേറ്റം.
കെഎസ്യു ഉണ്ടാക്കിയ സംഘർഷത്തിൽ ഇടപെടാത്ത പോലീസ് ഇപ്പോൾ എസ്എഫ്ഐ പ്രവർത്തകരെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു തട്ടിക്കയറിയത്. സംഭവത്തിൽ ആദ്യം പോലീസ് നടപടിയൊന്നും എടുത്തിരുന്നില്ല. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മൂന്നു പേർക്കെതിരേ പോലീസ് കേസ് എടുത്തിരിക്കുന്നത്. മൂന്നു പേരെയും പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല.
ഒരു വിദ്യാർഥി സംഘടനയിലും അംഗമല്ലാത്ത അക്ഷയ് സജീവ് കഴിഞ്ഞ കോളജ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി എസ്എഫ്ഐയ്ക്കെതിരേ മത്സരിച്ചു ക്ലാസ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, സിപിഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.