കൊറോണ: എറണാകുളത്ത് ഒരാൾകൂടി ആശുപത്രിയിൽ
Sunday, January 26, 2020 1:25 AM IST
കൊച്ചി: ചൈനയിലെ കൊറോണ വൈറസ് ബാധിത മേഖലകളില്‍നിന്നു തിരികെ വന്നവരില്‍ പനി ബാധ ഉള്ളതായി കണ്ട ഒരാളെക്കൂടി കളമശേരി മെഡിക്കല്‍ കോളജിലെ പ്രത്യേക ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ഇതോടെ എറണാകുളം ജില്ലയില്‍ രോഗനിരീക്ഷണത്തിന് ആശുപത്രികളില്‍ ഉള്ളവരുടെ എണ്ണം മൂന്നായി. രണ്ടു പേര് കളമശേരി മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണുള്ളതെന്നും നിരീക്ഷണത്തിലുള്ള മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.
കൊറോണ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ മടങ്ങിവന്ന 33 പേരെക്കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍തന്നെ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ള ആളുകളുടെ എണ്ണം 39 ആയി.
ആരിലും രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ല. എറണാകുളം ജില്ലയില്‍നിന്നുള്ള മൂന്നുപേരുടെ സാമ്പിളുകള്‍ ഇതുവരെ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വയറോളജിയിലേക്ക് അയച്ചിട്ടുണ്ട്.