കൊച്ചി വിമാനത്താവളത്തിൽ 1.75 കിലോ സ്വർണം പിടിച്ചു
Tuesday, January 28, 2020 12:53 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേമുക്കാൽ കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. രണ്ടു വനിതകൾ അടക്കം മൂന്നു യാത്രക്കാരാണ് സ്വർണവുമായി പിടിയിലായത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 58 ലക്ഷം രൂപ വില വരും. എയർ ഏഷ്യ വിമാനത്തിൽ ക്വലാലംപൂരിൽ നിന്നു വന്ന കോഴിക്കോട് സ്വദേശിനിയിൽ നിന്ന് 750 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്.
അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. മറ്റൊരു എയർ ഏഷ്യ വിമാനത്തിൽ ഷാർജയിൽ നിന്ന് എത്തിയ കൊച്ചി സ്വദേശിനിയായ യുവതിയിൽ നിന്ന് 250 ഗ്രാം സ്വർണം പിടികൂടി. തങ്ക വളകളാക്കി ഇവർ കാലിലും കൈയിലും ധരിച്ചശേഷം അതിനു മുകളിൽ വസ്ത്രം ഉപയോഗിച്ച് മറച്ചിരിക്കുകയായിരുന്നു. ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ എത്തിയ തൃശൂർ സ്വദേശിയിൽനിന്ന് 750 ഗ്രാം സ്വർണമാണ് പിടിച്ചത്. ഇയാൾ ധരിച്ചിരുന്ന പാന്റ്സിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് ബിസ്കറ്റ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചിരുന്നത്.