എഫ്ഐആർ ഏതു സ്റ്റേഷനിലും രജിസ്റ്റർ ചെയ്യാം
Tuesday, January 28, 2020 12:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യാം. തുടർന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് എഫ്ഐആർ അയച്ചുകൊടുക്കും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ല. ക്രിമിനൽ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് ഇതു ചെയ്യുന്നത്. ട്രെയിനിലോ ബസിലോ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നയാൾക്ക് ഇറങ്ങുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇതുവഴി സാധിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തപക്ഷം അദ്ദേഹത്തിന് രണ്ടുവർഷം വരെ തടവും പിഴയും ശിക്ഷ നൽകാൻ ഇന്ത്യൻ ശിക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് അധികാരപരിധിയുടെ പുറത്തുനടന്ന കുറ്റകൃത്യമാണെങ്കിലും എഫഐആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് അയച്ചുകൊടുക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചത്. വീഴ്ച വരുത്തുന്നവർക്കെതിരേവകുപ്പുതലത്തിലും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.