കൊറോണ വൈറസ്: കേരളത്തിൽ 436 പേർ നിരീക്ഷണത്തിൽ
Tuesday, January 28, 2020 12:56 AM IST
തിരുവനന്തപുരം: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 436 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. ഇതിൽ 431 പേർ വീടുകളിലും അഞ്ച് പേർ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധ സംശയിക്കുന്നവരുടെ രക്തസാന്പിളുകൾ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കായി അയച്ചിരുന്നു.
എന്നാൽ ഇതുവരെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം രോഗബാധയ്ക്കെതിരേ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തി.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാർഗം നാട്ടിലെത്തിക്കുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
വുഹാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളിൽനിന്നും അവരുടെ ബന്ധുക്കളിൽനിന്നും ലഭിച്ച വിവരമനുസരിച്ച് വുഹാനിലെ സ്ഥിതി കൂടുതൽ മോശമായിരിക്കുകയാണ്. മാത്രമല്ല, യിച്ചാങ് നഗരത്തിലും രോഗബാധയുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ സാഹചര്യത്തിൽ വുഹാനിലേക്കോ സമീപത്ത് പ്രവർത്തിക്കുന്ന വിമാനത്താവളത്തിലേക്കോ പ്രത്യേക വിമാനം അയച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപടി വേണം. വുഹാനിലും യിച്ചാങിലും കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് ആവശ്യമായ സഹായം എത്തിക്കാൻ ചൈനയിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.