അനധികൃത സ്വത്ത് സന്പാദനം; വി.എസ്. ശിവകുമാറിനെതിരേ എഫ്ഐആർ സമർപ്പിച്ചു
Wednesday, February 19, 2020 12:02 AM IST
തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സന്പാദിച്ചെന്ന പരാതിയിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിനെതിരേ വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു. ശിവകുമാർ ഉൾപ്പെടെ നാലു പേരാണ് കേസിലെ പ്രതികൾ. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് അന്വേഷണ സംഘം എഫ്ഐആർ സമർപ്പിച്ചത്.
വി.എസ്. ശിവകുമാർ, ശിവകുമാറിന്റെ ഡ്രൈവർ ഷൈജു ഹരൻ, എം.രാജേന്ദ്രൻ, എൻ.എസ്. ഹരി എന്നിവരെയാണ് പ്രാഥമിക അന്വേഷണത്തിൽ പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്. 2011 - 16 കാലഘട്ടത്തിൽ പേഴ്സണൽ സ്റ്റാഫിന്റെയും സുഹൃത്തുക്കളുടെയും പേരിൽ വി.എസ്. ശിവകുമാർ സ്വത്ത് സന്പാദിച്ചെന്നാണ് വിജിലൻസിന്റെ ആരോപണം.
2011 -16 കാലഘട്ടത്തിൽ യുഡിഎഫ് മന്ത്രിസഭയിൽ ആരോഗ്യം, ദേവസ്വം മന്ത്രിയായിരുന്നു ശിവകുമാർ. ജനപ്രതിനിധികൾക്കെതിരേ അന്വേഷണം ആരംഭിക്കുന്നതിന് മുൻപ് സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഗവർണറുടെ അനുമതി ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിറക്കിയത്. ഇതിന് തൊട്ടു പിന്നാലെയാണ് എഫ്ഐആർ സമർപ്പിച്ചത്. വിജിലൻസ് സ്പെഷൽ എസ്പി അജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.