തിരൂരിൽ കുരുന്നുകളുടെ മരണം: കാരണമറിയാതെ ദമ്പതികൾ
Wednesday, February 19, 2020 12:02 AM IST
മലപ്പുറം: തിരൂരിൽ ഒരു ദമ്പതികൾക്കുണ്ടായ ആറു മക്കളിൽ ഒരാൾപോലും ജീവിച്ചിരിപ്പില്ല. ജനിച്ച് മാസങ്ങൾക്കകം പ്രകടമായ അസുഖ ലക്ഷണങ്ങളൊന്നുമില്ലാതെ കുട്ടികൾ മരിച്ചുവീഴുകയായിരുന്നു. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിന്റെ വിയോഗവും കുട്ടികൾക്കായി കാത്തിരിക്കുന്ന ഈ ദമ്പതികളെ തീവ്രവേദനയിൽ ആഴ്ത്തുന്നതായിരുന്നു. ഇന്നലെയാണ് ആറാമത്തെ കുഞ്ഞ് മരിച്ചത്. മരണകാരണം കണ്ടെത്താനാകാതെ നിസഹായവസ്ഥയിലാണ് ആ അച്ഛനും അമ്മയും. അതേസമയം, ഒരു വീട്ടിൽതന്നെ തുടർച്ചയായി കുട്ടികൾ മരിക്കുന്നത് സംശയങ്ങൾ ജനിപ്പിക്കുന്നതുമാണ്.
തിരൂരിലെ തറമ്മൽ റഫീഖ്-സബ്ന ദമ്പതികളുടെ ആറു മക്കൾ മരിച്ചത് ഒമ്പത് വർഷത്തിനിടെയാണ്. ആദ്യത്തെ കുട്ടിയും രണ്ടാമത്തെ കുട്ടിയും മരിച്ചപ്പോൾ വിധിയെന്ന് കരുതി ദമ്പതികൾ തീരാദുഃഖം സഹിച്ചു പരസ്പരം ആശ്വസിപ്പിച്ചു. മൂന്നാമത്തെ കുട്ടിയും പ്രത്യേകിച്ച് കാരണമൊന്നില്ലാതെ മരിച്ചപ്പോൾ പോസ്റ്റ്മോർട്ടവും വിദഗ്ധ പരിശോധനകളും നടത്തി. എന്നാൽ അപസ്മാരം, ജനിതക വൈകല്യം തുടങ്ങിയ കാരണങ്ങളാണ് ഡോക്ടർമാർ പറഞ്ഞത്. മൂന്നാമത്തെ കുട്ടിയെ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പരിശോധിച്ചത്. എന്നാൽ മരണത്തിനു പ്രത്യേക കാരണമൊന്നും കണ്ടെത്തിയില്ല. പിന്നീടുണ്ടായ രണ്ടു കുരുന്നുകൾ മരിച്ചതിന്റെയും കാരണം കണ്ടെത്താൻ കഴിഞ്ഞില്ല.
ആറാമത്തെ കുട്ടി ഇന്നലെ മരിച്ചതോടെയാണ് നാട്ടുകാർക്കിടയിലും സംശയങ്ങളുയർന്നത്. ഒരു വീട്ടിൽ ഇത്തരത്തിൽ കുട്ടികൾ തുടർച്ചയായി മരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യം പൊതുവേ ഉയർന്നു. സംശയം ശക്തമായതോടെ പോലീസ് ഇടപെട്ട് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയും തുടർന്ന് പോസ്റ്റ്മോർട്ടംനടത്തുകയുംചെയ്തു.
തുടർച്ചയായി കുട്ടികൾ മരിക്കുന്നതിൽ കടുത്ത ആശങ്കയുണ്ടായിരുന്നു എന്നാണ് ദമ്പതികളുടെ ബന്ധുക്കൾ പറയുന്നത്. അതു കൊണ്ടുതന്നെ ഇതു സംബന്ധിച്ച് അവർ പല വിദഗ്ധ ഡോക്ടർമാരോടും സംസാരിച്ചിരുന്നു. അമേരിക്കയിലുള്ള ബന്ധുവായ ഡോക്ടറുമായും ഇക്കാര്യം ചർച്ചചെയ്തു. എന്നാൽ ഈ അസ്വാഭാവിക മരണത്തിന് പ്രത്യേകിച്ചൊരു കാരണം വ്യക്തമാക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം.
അന്വേഷണം തുടങ്ങി
തിരൂർ: ഒമ്പപതുവർഷത്തിനിടയിൽ ഒരു വീട്ടിൽ ജനിച്ച ആറാമത്തെ കുരുന്നും മരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തിരൂർ തറമ്മൽ റഫീഖ്-സബ്ന ദന്പതികളുടെ ആറാമത്തെ കുട്ടി ഇന്നലെ മരിച്ചതോടെ മൃതദേഹം ഖബർസ്ഥാനിൽനിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീമിന്റെ നിർദേശ പ്രകാരം തിരൂർ പോലീസാണ് അന്വേഷിക്കുന്നത്. പ്രാഥമിക റിപ്പോർട്ടിൽ മരണത്തിൽ അസ്വാഭാവികതയില്ല എന്നാണെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ലഭിച്ചാലേ മരണത്തിൽ വ്യക്തത വരൂ എന്ന് പോലീസ് പറഞ്ഞു.