ജയരാജിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന്
Thursday, February 20, 2020 11:33 PM IST
കൊച്ചി: മുന്‍ എംപിയും സിപിഎം നേതാവുമായ ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജയരാജിനെ സി ഡിറ്റില്‍ ഡയറക്ടറായി നിയമിച്ചതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
നിയമനത്തിനെതിരേ സി ഡിറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആര്. മോഹന ചന്ദ്രന് നല്കിയ ഹര്‍ജിയില്‍ ഐടി ജോയിന്റ് സെക്രട്ടറി ജി. വിനോദാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്. നിയമനത്തിനായി സി ഡിറ്റിന്റെ ഗവേണിംഗ് ബോഡി നിര്‍ദേശിക്കുന്ന പേരുകളടങ്ങിയ പാനല്‍ തയാറാക്കണമെന്ന വ്യവസ്ഥ നിലവിലില്ല. ഇത്തരമൊരു ഭേദഗതി നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
വിദ്യാഭ്യാസം, മാസ് കമ്യൂണിക്കേഷന്‍, ശാസ്ത്ര വിഷയങ്ങള്‍ എന്നിവയിലെ വിദഗ്ധരെയാണു ഡയറക്ടറായി നിയമിക്കുന്നത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറായ ജയരാജ് 1989 മുതല്‍ സി ഡിറ്റിലെ സയന്റിസ്റ്റ് കേഡറില്‍ ജോലി ചെയ്യുന്നു. സി ഡിറ്റില്‍ എത്തുന്നതിനുമുമ്പ് അഞ്ച് വര്‍ഷം എന്‍ടിപിസിയില്‍ സീനിയര്‍ എന്‍ജിനിയറായിരുന്നു. ഇങ്ങനെ ഡയറക്ടര്‍ നിയമനത്തിന് ജയരാജ് യോഗ്യനാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.