കെഎഎസ് പ്രാഥമിക പരീക്ഷ നാളെ
Thursday, February 20, 2020 11:33 PM IST
തിരുവനന്തപുരം: കേരള അഡ്മിനിസ്ടേറ്റീവ് സർവീസ് (കെഎഎസ് ) പ്രാഥമിക പരീക്ഷ നാളെ നടക്കും. സംസ്ഥാനത്തെ 1534 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയിൽ നാലുലക്ഷത്തോളം ഉദ്യോഗാർഥികൾ പരീക്ഷ എഴുതും. നാളെ രാവിലെ 10 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെയും രണ്ടു പരീക്ഷകളാണ് നടക്കുക. പ്രാഥമിക പരീക്ഷയിലെ ഓരോ പേപ്പറിനും 100 ചോദ്യങ്ങളുണ്ടാകും. 90 മിനിറ്റാണ് പരീക്ഷാ സമയം.
4,00,014 പേരാണ് കെഎഎസ് പരീക്ഷ എഴുതുന്നതിനു സ്ഥിരീകരണം നൽകിയിരിക്കുന്നത്. ഏറ്റവും കൂടുതൽപേർ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം ജില്ലയിലും കുറവ് വയനാട്ടിലുമാണ്. തിരുവനന്തപുരത്ത് 261 ഉം വയനാട്ടിൽ 30 ഉം സെന്ററുകളാണ് ഒരുക്കുക. കൊല്ലം-148, പത്തനംതിട്ട-52, ആലപ്പുഴ-111, കോട്ടയം-115, ഇടുക്കി-50, എറണാകുളം-172, തൃശൂർ-133, പാലക്കാട്-103, മലപ്പുറം-109, കോഴിക്കോട്-123, കണ്ണൂർ-93, കാസർഗോഡ്-34 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങളുടെ കണക്ക്. പരീക്ഷയുടെ നടത്തിപ്പിലേക്കായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്നതിന് വിപുലമായ സംവിധാനങ്ങളാണ് പിഎസ്സി ഒരുക്കുന്നത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പിഎസ്സിയിൽനിന്നുള്ള ഉദ്യോഗസ്ഥരുണ്ടാകും. എല്ലാ സെന്ററുകളിലും പോലീസ് സംരക്ഷണവും നിരീക്ഷണവും ഉറപ്പുവരുത്തിയിട്ടുണ്ട്. പിഎസ്സി ഡെപ്യൂട്ടി സെക്രട്ടറിമാർ മുതൽ സെക്രട്ടറിമാർ വരെയുള്ളവർ നിരീക്ഷകരായി പ്രവർത്തിക്കും. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിനായി പിഎസ്സി ആസ്ഥാനത്തും ജില്ലാ, മേഖലാ ഓഫീസുകളിലും പ്രത്യേക കണ്ട്രോൾ റൂമുകളും പിഎസ്സി ആസ്ഥാനത്ത് ഹെൽപ്ലൈനും പ്രവർത്തിക്കും.
പരീക്ഷയ്ക്കു അരമണിക്കൂർമുന്പ് ഉദ്യോഗാർഥികൾ സെന്ററിൽ എത്തണം. പരീക്ഷാകേന്ദ്രത്തിൽ ഉദ്യോഗാർഥികൾക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. മൈാബെൽ ഫോണ് അടക്കം ഒരുതരത്തിലുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ്, ഐഡി കാർഡ്, ബോൾപോയിന്റ് പേന (നീല അല്ലെങ്കിൽ കറുപ്പ്) എന്നിവ മാത്രമേ പരീക്ഷാഹാളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കൂ.
അതേസമയം നാളെ എസ്ബിഐ ക്ലറിക്കൽ കേഡർ ജൂണിയർ അസോസ്യേറ്റ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയും നടക്കുന്നുണ്ട്. കെഎഎസ് പരീക്ഷ എഴുതുന്നതിനു സ്ഥിരീകരണം നൽകിയതിനുശേഷം ബാങ്ക് പരീക്ഷയ്ക്കു പേകേണ്ടിവരുന്ന ഉദ്യോഗാർഥികളുടെ പിഎസ്സി പ്രൊഫൈൽ റദ്ദാക്കില്ലെന്നു പിഎസ്സി നേരത്തെ അറിയിച്ചിട്ടുണ്ട്.