അഖിലേന്ത്യാ വിദ്യാഭ്യാസ ചലച്ചിത്രോത്സവം കുസാറ്റിൽ
Thursday, February 20, 2020 11:33 PM IST
കളമശേരി:ഓള് ഇന്ത്യ ചില്‍ഡ്രന്‍സ് എഡ്യൂക്കേഷണല്‍ ഓഡിയോ വീഡിയോ ഫെസ്റ്റിവലും ദേശീയ ഐസിടി മേളയും കൊച്ചി സർവകലാശാലയില്‍ സംഘടിപ്പിക്കുന്നു. നാളെ മുതല്‍ 24 വരെ കുസാറ്റ് സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന മേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. എന്‍സിഇആര്‍ടി -സിഐഇടി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ടെക്നോളജി, കൊച്ചി സര്‍വകലാശാല എന്നിവയുമായി സഹകരിച്ചാണ് മേള.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എസ്സിഇആര്ടി -എസ്ഐഇടികള്‍, കേരള സമഗ്ര ശിക്ഷ എന്നിവയുടെ ഉള്‍പ്പെടെ നാല്പതോളം സ്റ്റാളുകൾ മേളയിലുണ്ടാവും. ഇരുന്നൂറോളം ഹ്രസ്വ ചിത്രങ്ങള്‍ മേളയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അവതരണവും നടക്കും. മന്ത്രി സി. രവീന്ദ്രനാഥ് നാളെ രാവിലെ 9.30ന് മേളയുടെ ഉദ്ഘാടനം നിർവഹിക്കും. എന്‍സിഇആര്‍ടി ഡയറക്ടര്‍ ഋഷികേശ് സേനാപതി, ജോയിന്റ് ഡയറക്ടര്‍ അമരേന്ദ്ര ബെഹ്റ എന്നിവര്‍ പങ്കെടുക്കും. പത്തു ലക്ഷത്തോളം രൂപ വിവിധ ഇനങ്ങളിലെ ജേതാക്കള്‍ക്ക് സമ്മാനമായി നല്‍കും. ശബ്ദാവതരണങ്ങള്ക്കും പുരസ്കാരങ്ങള്‍ നല്കുന്ന ഏക ചലച്ചിത്ര മേള കൂടിയാണിത്..