അനൂപിനൊപ്പമെന്നു യൂത്ത്ഫ്രണ്ട് -ജെ പ്രസിഡന്റ്
Thursday, February 20, 2020 11:35 PM IST
കോട്ടയം: ഭൂരിഭാഗം ഭാരവാഹികളും അനൂപ് ജേക്കബിനൊപ്പമാണെന്ന് യൂത്ത് ഫ്രണ്ട് -ജേക്കബ് സംസ്ഥാന പ്രസിഡന്റ് പ്രേംസണ് പോൾ മാഞ്ഞാമറ്റം. ചെയർമാൻ എന്ന നിലയിൽ ജോണി നെല്ലൂർ ഇപ്പോൾ നടത്തുന്ന നിയമനങ്ങൾ പാർട്ടി വിരുദ്ധവും പാർട്ടിയുടെ ഭരണഘടനാലംഘനവുമാണ്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കും. മാസങ്ങൾക്കു മുന്പുള്ള തീയതി രേഖപ്പെടുത്തിയ നിയമനവാർത്തകളാണു നൽകുന്നത്.
കേരള കോണ്ഗ്രസ് ജേക്കബിനെ ഏതെങ്കിലും പാർട്ടിയിൽ ലയിപ്പിക്കുവാൻ കാലങ്ങളായി ശ്രമിക്കുന്ന ചില സംസ്ഥാന ഭാരവാഹികളുടെ തടവറയിലാണ് ചെയർമാൻ. പാർട്ടിയുടെ സ്ഥാപക നേതാവ് ടി.എം. ജേക്കബിന്റെ സ്മരണ നിലനിർത്താൻ അദ്ദേഹത്തിന്റെ നാമധേയത്തോടുകൂടിയ പാർട്ടി നിലനിർത്തണമെന്നും യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് മൻസൂർ പാലയംപറന്പിൽ, സെക്രട്ടറി പ്രിൻസ് വെള്ളറയ്ക്കൽ, ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ദേവസ്യ എന്നിവർ പങ്കെടുത്തു.
അതേസമയം, കേരള കോണ്ഗ്രസ് (ജേക്കബ്) പാർട്ടി മറ്റൊരു പാർട്ടിയിലും ലയിക്കുന്നില്ലെന്നും കോട്ടയം ജില്ലയിലെ പ്രവർത്തകർ ഒറ്റക്കെട്ടായി അനൂപിനൊപ്പമാണെന്നും കോട്ടയം ജില്ലാ പ്രസിഡന്റ് പി.എസ്. ജയിംസ്. ഇന്നു കോട്ടയം ടി.എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ നടക്കുന്ന പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ കോട്ടയത്തെ എല്ലാ അംഗങ്ങളും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയും അനൂപ് ജേക്കബിനു പിന്തുണ അറിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ബിജു താനത്ത് അധ്യക്ഷതവഹിച്ചു.