ലോംഗ് മാർച്ച് കർഷക മുന്നേറ്റമാകും: പി.ജെ. ജോസഫ്
Saturday, February 22, 2020 12:17 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് -എം ജോസഫ് വിഭാഗം സംഘടിപ്പിക്കുന്ന കർഷക ലോംഗ് മാർച്ച് കേരളത്തിൽ കർഷക മുന്നേറ്റത്തിനുള്ള തുടക്കം കുറിക്കുമെന്നു പി.ജെ. ജോസഫ് എംഎൽഎ. യൂത്ത് ഫ്രണ്ട് -എം ജോസഫ് വിഭാഗം സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കാർഷിക ഉത്പന്നങ്ങൾക്കും താങ്ങുവില പ്രഖ്യാപിക്കുക, നീർത്തട പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുക, പലിശരഹിത വിദ്യാഭ്യാസ വായ്പ അനുവദിക്കുക, വീടുകളിൽ മത്സ്യം വളർത്താനുള്ള പദ്ധതി നടപ്പാക്കുക, ഉറവിട മാലിന്യ സംസ്കരണം തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു മാർച്ച് ഏഴിനു കാസർഗോട്ടുനിന്ന് ആരംഭിക്കുന്ന കാർഷിക ലോംഗ് മാർച്ച് എല്ലാ ജില്ലകളിൽകൂടിയും കടന്ന് മാർച്ച് 26നു കോട്ടയത്തു സമാപിക്കും.
യോഗത്തിൽ യൂത്ത് ഫ്രണ്ട് -എം ജോസഫ് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല അധ്യക്ഷത വഹിച്ചു.
ജോയി ഏബ്രഹാം, മോൻസ് ജോസഫ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടന്പിൽ, കെ.വി. കണ്ണൻ, സാജൻ ഫ്രാൻസിസ്, വി.ജെ. ലാലി, പോൾസണ്‍ ജോസഫ്, ജയിസണ്‍ ജോസഫ്, എം. മോനിച്ചൻ, ജൂണി കുതിരവട്ടം, ജയ്സ് വെട്ടിയാർ, പ്രസാദ് ഉരുളികുന്നം തുടങ്ങിയവർ പ്രസംഗിച്ചു.