വണ്ടിപ്പെരിയാറിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ; യുവാവ് കസ്റ്റഡിയിൽ
Tuesday, February 25, 2020 12:28 AM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ വീട്ടമ്മയെ തേയിലത്തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൈമുക്ക് സ്വദേശിനി വിജയമ്മ (50) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നു പോലീസ് അറിയിച്ചു. സമീപവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് വിജയമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കൾ ഓടിപ്പോകുന്നതു നാട്ടുകാർ കണ്ടിരുന്നു. ഇതേത്തുടർന്നു സ്ഥലത്തു പരിശോധന നടത്തിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.
തേയിലച്ചെടികളുടെ ഇടയിൽ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തുനിന്ന് 50 മീറ്ററോളം അകലെ താമസിക്കുന്ന ഇവർ പശുവിനെ അന്വേഷിച്ചാണ് ഇവിടെ എത്തിയതെന്നു പറയുന്നു.
രാവിലെ ഫോറൻസിക്, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തു പരിശോധന നടത്തി. സംഭവ സ്ഥലത്തുനിന്നു പോലീസിന് ഒരു മെബൈൽ ഫോണ് ലഭിച്ചു. ഇതിന്റെ ഉടമയായ യുവാവിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.