വാഹനപരിശോധന നടത്തുന്ന പോലീസുകാർ മാസ്കും ഗ്ലൗസും ഉപയോഗിക്കണമെന്നു ഡിജിപി
Friday, March 27, 2020 12:41 AM IST
തിരുവനന്തപുരം: വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ മാസ്കും ഗ്ലൗസും ധരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം ജില്ലാ പോലീസ് മേധാവിമാർക്കായിരിക്കും.
വാഹനത്തിനുള്ളിലേക്ക് കുനിഞ്ഞു പരിശോധിക്കുന്നത് ഒഴിവാക്കണം. പരിശോധനയ്ക്കിടെ വാഹനത്തിലോ യാത്രക്കാരെയോ ഗ്ലൗസ് ഉപയോഗിക്കാതെ സ്പർശിക്കാൻ പാടില്ല. വാഹനത്തിന്റെ ഡിക്കി തുറക്കേണ്ടിവരുന്ന അവസരങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
വാഹനം തടഞ്ഞുനിർത്തുന്പോൾ യാത്രക്കാരുമായി നിശ്ചിത അകലം പാലിക്കുകയും ഏറെ നേരം സംസാരിക്കുന്നത് ഒഴിവാക്കുകയും വേണം. ഇനി ഒരു നിർദേശം ഉണ്ടാകും വരെ ബ്രീത്ത് അനലൈസർ ഉപയോഗിക്കാൻ പാടില്ല. വൈറസ് വ്യാപനം തടയുന്നതിനായി കൈകൾ ഇടക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.