നിരീക്ഷണത്തിലുള്ളയാൾ കറങ്ങിനടന്നു
Friday, March 27, 2020 12:57 AM IST
മണ്ണാർക്കാട്: കോവിഡ്-19 സ്ഥിരീകരിച്ച കാരാകുർശി സ്വദേശിയായ അമ്പത്തിയൊന്നുകാരൻ ആരോഗ്യ വകുപ്പിനെയും പോലീസിനെയും വട്ടം കറക്കി. റൂട്ട് മാപ്പ് തയാറാക്കാൻ ആരോഗ്യവകുപ്പിനു നന്നേ കഷ്ടപ്പെടേണ്ടിവന്നു. ഇദ്ദേഹത്തിനെതിരേ പോലീസ് കേസ് രജിസ്റ്റർചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നായ മണ്ണാർക്കാട് താലൂക്ക് കോവിഡ്-19 ഭീതിയിൽ ആയി.
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരിൽ രണ്ടുപേരും മണ്ണാർക്കാട് താലൂക്കിലുള്ളവരാണ്. കോട്ടോപ്പാടം കുണ്ടിലക്കാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് രോഗബാധിതനായ മറ്റൊരു മണ്ണാർക്കാട്ടുകാരൻ. ലോക്ക്ഡൗണ്‍ ആരംഭിച്ച ചൊവ്വ, ബുധൻ ദിവസങ്ങളിൽ വ്യാപകമായി ആളുകൾ പുറത്തിറങ്ങുന്നുണ്ടായിരുന്നു. കവലകളിലെല്ലാം പോലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞു ബോധവത്കരണം നടത്തുന്നുണ്ട്.
കാരാകുർശി സ്വദേശി പോകാത്ത പൊതുസ്ഥലങ്ങളില്ല എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വിദേശത്തുനിന്നു മടങ്ങിയെത്തിയശേഷം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടും ഈ വ്യക്തി ചികിത്സയ്ക്കു തയാറായില്ല. മണ്ണാർക്കാട് നഗരം, പെട്രോൾ പമ്പുകൾ, പോസ്റ്റ് ഓഫീസ്, ആശുപത്രി, പലചരക്ക് കടകൾ, ആരാധനാലയങ്ങൾ, ബന്ധുക്കളുടെ വീടുകൾ എന്നിവിടങ്ങളിൽ പോയി. കെഎസ്ആർടിസി കണ്ടക്ടറായ ഇയാളുടെ മകൻ ഇപ്പോൾ നിരീക്ഷണത്തിലാണ്. 17ന് മണ്ണാർക്കാട്ടുനിന്ന് ആനക്കട്ടിവഴി കോയമ്പത്തൂരിലേക്കു പോയ ബസിൽ കണ്ടക്ടർ ആയിരുന്നു. 19നു മണ്ണാർക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിലും കണ്ടക്ടറായിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.