വീഡിയോയിലൂടെ അവർ വിടചൊല്ലി
Sunday, March 29, 2020 12:39 AM IST
മട്ടാഞ്ചേരി: കോവിഡ് -19 രോഗം ബാധിച്ചു മരിച്ച മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിക്കു വിപുലമായ ബന്ധുബലവും സുഹൃദ് വലയവും ഉണ്ടായിരുന്നെങ്കിലും മൃതദേഹം അവസാനമായി ഒരുനോക്കു കാണാൻ ആർക്കുമായില്ല. മട്ടാഞ്ചേരിയിലെ ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തത് ബന്ധുക്കളായ അഞ്ചുപേർ.
കോവിഡ് സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളജിലെ ഐസൊലേഷനിൽ കഴിയുന്ന ഭാര്യ വീഡിയോയിലൂടെ ഭർത്താവിനു വിടചൊല്ലി. ഒരു മകളടക്കം മൂന്നു മക്കളും വീഡിയോയിലൂടെയാണ് ബാപ്പയുടെ നിശ്ചലശരീരം അവസാനമായി കണ്ടത്.കോവിഡ് മൂലം മരിക്കുന്നവരെ സംസ്കരിക്കുന്നതിനുള്ള അന്താരാഷ്ട്ര മാർഗനിർദേശങ്ങൾ പാലിക്കേണ്ടിയിരുന്നതിനാലാണ് മരണാനന്തര ചടങ്ങുകളിൽനിന്ന് ആളുകളെ അകറ്റിനിർത്തിയത്. അടുത്ത ബന്ധുക്കളായ അഞ്ചു പേരും സന്നദ്ധ പ്രവർത്തകരായ അഞ്ചു പേരും ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യവകുപ്പ്, നഗരസഭ, പ്രതിനിധികളായി അഞ്ചു പേരും ചടങ്ങിൽ പങ്കെടുത്തു.
ട്രിപ്പിൾ ലയർ ബാഗിൽ പൊതിഞ്ഞാണ് മെഡിക്കൽ കോളജിൽനിന്നു മൃതശരീരം കൈമാറിയത്. ഇളയസഹോദരനും മറ്റു മൂന്നു ബന്ധുക്കളും ചേർന്നു മെഡിക്കൽ കോളജിൽനിന്നു മൃതദേഹം ഏറ്റുവാങ്ങി.108 ആംബുലൻസിൽ കയറ്റിയതുതൊട്ടു പൂർണമായും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും മേൽനോട്ടത്തിലായിരുന്നു മരണാനന്തര ചടങ്ങുകൾ.
ഡോക്ടർമാരുടെ സംഘം അകന്പടിയായുണ്ടായിരുന്നു. എല്ലാവരും കൈയുറകളും മാസ്കുകളും ധരിച്ചിരുന്നു. മൃതദേഹം സ്പർശിക്കുന്നതിന് ആരെയും അനുവദിച്ചില്ലെങ്കിലും മതാചാരപ്രകാരമുള്ള ചടങ്ങുകൾക്ക് തടസമുണ്ടായിരുന്നില്ല.