അടിയന്തര മെഡിക്കൽ സേവനം: ദക്ഷിണ നാവിക കമാൻഡ് ഒരുങ്ങുന്നു
Monday, April 6, 2020 12:40 AM IST
കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അടിയന്തര മെഡിക്കൽ സേവനങ്ങൾക്കു ദക്ഷിണ നാവിക കമാൻഡ് സ്റ്റാഫിനെ പര്യാപ്തമാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി മെഡിക്കൽ സ്റ്റാഫ് അല്ലാത്ത 333 പേർക്കു പരിശീലനം നൽകും. നാവിക ആസ്ഥാനത്തുണ്ടാകുന്ന അപകടങ്ങൾ, വിദേശ കപ്പലുകൾ, അടിയന്തര വൈദ്യസഹായമെത്തിക്കേണ്ട സാഹചര്യങ്ങൾ എന്നിവ നേരിടാൻ നിലവിലുള്ള മെഡിക്കൽ സംഘത്തിനു പുറമെയാണിത്.
ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ്, പകർച്ച വ്യാധി തടയാനുള്ള മുൻകരുതലുകൾ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായിരിക്കും. ഐഎൻഎസ് വെണ്ടുരുത്തിയിലെ മെഡിക്കൽ ഓഫീസർ കമാൻഡ് നേതൃത്വം നൽകുന്ന സംഘമാണു പരിശീലനം നൽകുന്നത്. ദക്ഷിണ നാവിക കമാൻഡിന്റെ എല്ലാ യൂണിറ്റുകളിലുള്ളവർക്കും പരിശീലനം നൽകും.